Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ആന്‍റണിക്കെതിരായ...

എ.കെ ആന്‍റണിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് പി.സി വിഷ്ണുനാഥ്; ‘ആന്‍റണി ഇന്നലത്തെ മഴയിൽ തളിർത്തൊരു തകരയല്ല’

text_fields
bookmark_border
ak antony, PC Vishnunadh
cancel

കോഴിക്കോട്: അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ ആന്‍റണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി വിഷ്ണുനാഥ് എം.എൽ.എ. പൊതു ജീവിതത്തിൽ സംശുദ്ധിയും സത്യസന്ധതയും ഉയർത്തിപ്പിടിച്ച ഒരു വ്യക്തിത്വത്തെ ഒറ്റ തിരിഞ്ഞ് സൈബർ അക്രമണം നടത്തുന്നത് നീതീകരിക്കാനാവില്ലെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. ആന്‍റണി ഇന്നലത്തെ മഴയിൽ തളിർത്തൊരു തകരയല്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതം രാഷ്ട്രീയ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ്.എ.കെ ആന്‍റണി ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരവും ചരിത്ര നിരാസവുമാകുമെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ആറു പതിറ്റാണ്ടു നീണ്ട പൊതു ജീവിതത്തിൽ സംശുദ്ധിയും സത്യസന്ധതയും ഉയർത്തിപ്പിടിച്ച ഒരു വ്യക്തിത്വത്തെ ഒറ്റ തിരിഞ്ഞ് സൈബർ അക്രമണം നടത്തുന്നത് നീതീകരിക്കാനാവില്ല. എ.കെ ആന്റണിയോട് അഭിപ്രായ വ്യത്യാസം ഉണ്ടാവാം, അത് പ്രകടിപ്പിക്കുന്നതിന് പകരം വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹം പിന്തുടർന്ന ജീവിത മൂല്യങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന പാതകമാണ്.

ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിനോ മാനസികാവസ്ഥയ്‌ക്കോ എന്റെ പിന്തുണയോ ഐക്യദാർഢ്യമോ ആവശ്യമുണ്ടെന്നു കരുതുന്നുമില്ല. എന്നാൽ 'ആന്റണി, വയലാർ, ഉമ്മൻചാണ്ടിമാർ പടുത്തുയർത്തിയ പ്രസ്ഥാന'ത്തിലൂടെ പൊതു ജീവിതം ആരംഭിച്ച എനിക്ക് ചില നീതി കേടുകൾ കണ്ടില്ലെന്നു നടിക്കാൻ കഴിയുന്നില്ല. ചരിത്രത്തിന്റെ പുനരാഖ്യാനം സൃഷ്ടിക്കുന്നവരുൾപ്പെടെ പുതിയ തലമുറക്ക് മുന്നിൽ വരച്ചു വെക്കുന്നതു പോലെ, ഇന്നലത്തെ മഴയിൽ തളിർത്തൊരു തകരയല്ല അദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിജീവിതം രാഷ്ട്രീയ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ്.

കേരള വിദ്യാർത്ഥി യൂണിയന്റെ അമരത്തു നിന്ന് കേരളത്തിലങ്ങോളമിങ്ങോളം യുവാക്കളിൽ ആവേശം പകരാൻ ആന്റണിക്ക് അന്ന് സാധിച്ചത്, ഇരട്ടച്ചങ്കോ 56 ഇഞ്ച് നെഞ്ചളവോ കയ്യിലുണ്ടായതു കൊണ്ടല്ല എന്നെങ്കിലും മനസിലാക്കണം. 1967-ല്‍ കേരളത്തില്‍ വമ്പൻ തോല്‍വി ഏറ്റുവാങ്ങി, വെറും ഒമ്പത് എം.എൽ.എമാരിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിനെ ഓർമ്മയുണ്ടോ? ആ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തിയതിൽ കെ. കരുണാകരനൊപ്പം വലിയ പങ്ക് വഹിച്ചിട്ടുണ്ട് ആന്റണി നയിച്ച യൂത്ത് കോണ്‍ഗ്രസ്.

1970 സെപ്തംബറില്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, എ.സി ഷണ്‍മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോൺഗ്രസ് പാർലമെന്ററി പാര്‍ട്ടിയില്‍ യുവ മുഖങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കിട്ടിയത്. ലാഭ നഷ്ടങ്ങൾ നോക്കാതെ നിലപാടുകളുടെ ചങ്കുറപ്പായിരുന്നു ആന്റണിയുടെ അന്നു മുതലുള്ള പ്രത്യേകത. വളരെ ചെറു പ്രായത്തിൽ കെ.പി.സി.സി പ്രസിഡന്റ് ആവാനും മുഖ്യമന്ത്രിയാവാനും ആന്റണിക്ക് അവസരം കിട്ടിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അളവുകോലിലാണ്; ആ അളവുകോൽ നിലയുറപ്പിച്ചതാവട്ടെ സത്യസന്ധമായ പൊതുപ്രവർത്തനത്തിലായിരുന്നു. ആന്റണിയെ സ്ഥാനങ്ങളിൽ അവരോധിക്കാൻ ഒരു ഗോഡ് ഫാദറും ഒരിക്കലും ഉണ്ടായിട്ടില്ല. കിട്ടിയ സ്ഥാനങ്ങളിൽ ഒരിക്കൽ പോലും ആന്റണി അള്ളിപ്പിടിച്ചിരുന്നിട്ടുമില്ല.

1975-77ൽ അടിയന്തരാവസ്ഥ കൊടുമ്പിരിക്കൊണ്ടു നിന്ന കാലത്ത്, അടിയന്തരാവസ്ഥയുടെ മറവിൽ പൊലീസ് നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ സാക്ഷാൽ ഇന്ദിര ഗാന്ധിയുടെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകിയ നേതാവായിരുന്നു ആന്റണി. ഗോഹട്ടി എ.ഐ.സി.സി സമ്മേളനത്തിൽ ആന്റണി നടത്തിയ പ്രസംഗം ചരിത്ര രേഖയാണ്.

വിവിധ ഘട്ടങ്ങളിൽ കെ.പി.സി.സി പ്രസിഡന്റായ ആന്റണി സംഘടനക്കുള്ളിൽ കൊണ്ടുവന്ന മാറ്റങ്ങൾ കാണാതെ പോകരുത്. പുരോഗമനപരവും ജനക്ഷേമ പരവുമായ ഒട്ടേറെ ക്ഷേമ പദ്ധതികളുടെ ഉപജ്ഞാതാവാണ് ഭരണ കർത്താവായ ആന്റണി. ഏതെങ്കിലും സമുദായത്തിന്റെ പേരിലല്ല അദ്ദേഹം തന്റെ രാഷ്ട്രീയം പരുവപ്പെടുത്തിയത്.

പറയാനുള്ളത് പറഞ്ഞും പ്രസ്ഥാനത്തിന് ഗുണപരമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചുമാണ് ആന്റണി ഇക്കാലമത്രയും നിലയുറപ്പിച്ചത്. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയും രണ്ട് യു.പി.എ സർക്കാറുകളിൽ തുടർച്ചയായി പ്രതിരോധം പോലെ സുപ്രധാനമായ വകുപ്പും കൈകാര്യം ചെയ്തിട്ടും കളങ്കമോ അഴിമതിയോ ചൂണ്ടിക്കാണിക്കാൻ ഇല്ലാതിരുന്നതാണോ വർത്തമാനകാല രാഷ്ട്രീയത്തിൽ ആന്റണിയുടെ അയോഗ്യത? എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ബഹുമാനിക്കുന്ന നേതാക്കൾ ഇന്ന് ഇന്ത്യയിൽ തന്നെ അപൂർവമാണ്.

ദേശീയ തലത്തിലെ സഖ്യ ശ്രമങ്ങൾക്കും മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നേറ്റങ്ങൾക്കും ഒരു പതിറ്റാണ്ട് മുമ്പ് വരെ ക്രിയാത്മക ഇടപെടൽ നടത്തിയ നേതാവ്, സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി തന്റെ എൺപത്തി രണ്ടാം വയസിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ "അദ്ദേഹം ഇടപെടുന്നില്ല, പ്രതികരിക്കുന്നില്ല മകനെ മര്യാദ പഠിപ്പിക്കുന്നില്ല" എന്നെല്ലാം പറഞ്ഞു വ്യക്തി അധിക്ഷേപം നടത്തുന്നത് ദയനീയമാണ്.

കോൺഗ്രസ്‌ പ്രസ്ഥാനത്തിൽ ഇന്ന് കാണുന്ന യുവനേതൃനിരയെ മുഴുവൻ സമ്മാനിച്ച കെ.എസ്.യു പടുത്തുയർത്തിയ നേതാവ് കോൺഗ്രസിനു എന്തുനൽകി എന്ന് ചോദിക്കുന്നവർ കോൺഗ്രസിന്റെ അഭ്യുദയകാംഷികളല്ല. അഴിമതി ആരോപണമോ രാഷ്ട്രീയ വിവാദമോ ഉണ്ടാവാതെ നിലപാട് ഉയർത്തിപ്പിടിച്ചു കൊണ്ടു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച എത്ര നേതാക്കളെ ഇന്ത്യ കണ്ടിട്ടുണ്ട്? അങ്ങനെയൊരാളെ അധികാരമോഹി എന്ന് ചിത്രീകരിക്കുന്നത് എന്ത് അസംബന്ധമാണ്?

വിമർശനങ്ങൾക്ക് അതീതരായി ആരുമില്ല. ഏതു രാഷ്ട്രീയ നേതാവും നിശിതമായി വിമർശിക്കപ്പെടണം. എന്നാൽ, സങ്കുചിതമായ താൽപര്യങ്ങളുടെ പേരിൽ വളഞ്ഞിട്ടാക്രമിക്കുന്നതും അവാസ്തവങ്ങൾ കൊണ്ട് അധിക്ഷേപിക്കുന്നതും വിമർശനമല്ല.

തന്റെ ശൈലിയിൽ, ഉറച്ച ശബ്ദത്തിൽ ആന്റണി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരവും ചരിത്ര നിരാസവുമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak antonycyber attackPC Vishnunadh
News Summary - PC Vishnunath criticizes cyber attack against AK Antony
Next Story