മഅ്ദനി കേരളത്തിലെത്തി; റോഡ് മാർഗം അൻവാർശ്ശേരിയിലേക്ക് VIDEO
text_fieldsനെടുമ്പാശ്ശേരി: മകന്റെ വിവാഹത്തിൽ പെങ്കടുക്കാനും മാതാപിതാക്കളെ സന്ദർശിക്കാനുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലെത്തി. മൂന്നു മണിയോടെ മഅ്ദനിയെ വഹിച്ചു കൊണ്ടുള്ള എയർ ഏഷ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി. നെടുമ്പാശ്ശേരിയിൽ നിന്ന് റോഡ് മാർഗം കരുനാഗപ്പള്ളി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് പോയി.
പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച എല്ലാ കേരളീയരോടും നന്ദിയുണ്ടെന്ന് മഅ്ദനി വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ അടക്കമുള്ളവർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടിരുന്നു. നീതിയുടെ പക്ഷത്ത് നിന്നുള്ള ഇടപെടലാണ് രാഷ്ട്രീപാർട്ടി നേതാക്കളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും നടത്തിയത്. ഇക്കാര്യത്തിലുള്ള നന്ദി അറിയിക്കുന്നതായും മഅ്ദനി കൂട്ടിച്ചേർത്തു.
പി.ഡി.പിയുടെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും മഅ്ദനിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. സുരക്ഷാ പരിശോധനക്ക് ശേഷം പുറത്തുവന്ന മഅ്ദനിയെ അനുയായികൾ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം ചെയ്തു.
ഉച്ചക്ക് 2.20നാണ് മഅ്ദനിയെയും വഹിച്ചു കൊണ്ടുള്ള വിമാനം ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി, ബന്ധുവും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, കർണാടക പൊലീസിലെ എസ്.ഐമാരായ രമേശ്, ഉമശങ്കർ എന്നിവരാണ് വിമാനയാത്രയിൽ മഅ്ദനി അനുഗമിച്ചത്.
ബാക്കിയുള്ള 17 സുരക്ഷ ഉദ്യോഗസ്ഥർ റോഡുമാർഗം കൊച്ചിയിലെത്തും. ശനിയാഴ്ച രാവിലെ ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഒാഫിസിലെത്തിയ മഅ്ദനിയുടെ അഭിഭാഷകൻ ഉസ്മാൻ 1.18 ലക്ഷം രൂപയുടെ ഡി.ഡി കമീഷണർ സുനിൽകുമാറിന് ൈകമാറി. മഅ്ദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 11.30ന് തലശ്ശേരി നഗരസഭ ടൗൺഹാളിൽ നടക്കുന്ന മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹച്ചടങ്ങിനായി മഅ്ദനി ചൊവ്വാഴ്ച അൻവാർശ്ശേരിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതുവരെ കൊല്ലം ടൗൺഹാളിൽ നടക്കുന്ന വിവാഹവിരുന്നിലും അദ്ദേഹം പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.