മര്‍ദിതർക്കായുള്ള പോരാട്ട പാതയില്‍ പി.ഡി.പി കരുത്തോടെ മുന്നോട്ട് പോകും -അബ്ദുന്നാസിര്‍ മഅ്ദനി
text_fieldsകോട്ടക്കല്‍: രാജ്യത്ത് ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യമെന്ന പുതിയ വിമോചനപാതക്ക് തുടക്കം കുറിച്ച പി.ഡി.പി അതിന്റെ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ തയാറാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ‘മര്‍ദിത ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മൂന്ന് പതിറ്റാണ്ട്’ പ്രമേയത്തില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം കോട്ടക്കലില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥക്ക് പരിഹാരമായി രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലകളില്‍ സംവരണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് പി.ഡി.പിയാണ്. പ്രസ്തുത ആവശ്യം ബി.എസ്.പി ഉള്‍പ്പെടെ ദേശീയ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ വര്‍ക്കല രാജ് ആമുഖ പ്രഭാഷണവും ടി.എ. മുഹമ്മദ് ബിലാല്‍ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, ഇബ്രാഹിം തിരൂരങ്ങാടി, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, മുഹമ്മദ് റജീബ്, ജാഫര്‍ അലി ദാരിമി, നൗഷാദ് തിക്കോടി, അന്‍വര്‍ താമരക്കുളം, സലിം ബാബു, മൊയ്ദീന്‍ ചെമ്പോത്ര തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി സിയാവുദ്ദീന്‍ പാലക്കാട് പതാക ഉയര്‍ത്തി. സെമിനാറുകള്‍, വനിത-തൊഴിലാളി-വിദ്യാർഥി-പ്രവാസി സമ്മേളനങ്ങള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 11ന് വൈകീട്ട് നാലിന് നടക്കുന്ന ബഹുജന റാലിയോട് കൂടി സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.