അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തിയാല്‍ യു.എ.പി.എ ചുമത്തുകയാണെന്ന് പി.ഡി.ടി ആചാരി
text_fieldsതിരുവനന്തപുരം:ഭരണകൂടത്തിന് എതിരായി എഴുതിയാല്‍ ഇ.ഡി പരിശോധന, അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തിയാല്‍ യു.എ.പി.എ ചുമത്തല്‍ എന്നതാണ് നിലവിലെ സ്ഥിതിയെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി ആചാരി. കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂനിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനാദിനാചരണ-കാര്‍ട്ടൂണ്‍പ്രദര്‍ശന-പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമസ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്്. മാധ്യമസ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമസ്വാതന്ത്ര്യം വിഷയമായ കേസുകളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിപ്രസ്താവങ്ങളാണ് നടത്തിയിട്ടുളളതെന്നും ആചാരി പറഞ്ഞു.
ഭരണകൂടവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും തമ്മിലുളള തര്‍ക്കം എല്ലാക്കാലത്തുമുണ്ട്. വെല്ലുവിളികള്‍ മാധ്യമങ്ങളെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല. 1975ല്‍ രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടായി. എന്നാല്‍ 2014 മുതല്‍ തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നിലവിലെ ലക്ഷണങ്ങള്‍ രോഗമായി മാറുന്നതിന് മുമ്പ് അവയെ തുരത്തി ജനാധിപത്യത്തെ സംരക്ഷിക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ ആ കര്‍ത്തവ്യം നിർവഹിക്കുക തന്നെ വേണമെന്നും ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ആചാരി പറഞ്ഞു.
ചീഫ് സെക്രട്ടറി വി.പി.ജോയ് ഭരണഘടനാദിനാചരണത്തിന്റെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും സുധീര്‍നാഥ് രചിച്ച് മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'മലയാളമാധ്യമങ്ങളും കാര്‍ട്ടൂണുകളും' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി ചീഫ് സെക്രട്ടറി വി.പി.ജോയ് പിഡിടി ആചാരിക്ക് കൈമാറി. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷ വഹിച്ചു.
ചടങ്ങില്‍ പിഡിടി ആചാരി ഭരണഘടനയുടെ ആമുഖം വായിച്ചുനല്‍കി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, മുന്‍ പ്രസിഡന്റ് കെ.പി.റെജി, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, യൂനിയന്‍ ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.