പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം; ‘മാനവികതയുടെ ശത്രു അധിനിവേശം’ എന്ന പേരിൽ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ‘മാനവികതയുടെ ശത്രു അധിനിവേശം’ എന്ന തലക്കെട്ടിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫലസ്തീനെ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ പ്രേരിപ്പിക്കുകയാണ്. യു.എൻ നേരത്തെ പ്രഖ്യാപിച്ച ദ്വിരാഷ്ട്രവാദം അടിയന്തരമായി നടപ്പാക്കണമെന്നും ഇക്കാര്യമാണ് ഇന്ത്യ ആവശ്യപ്പെടേണ്ടതെന്നും നേതാക്കൾ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസികൾ കേന്ദ്രം ഭരിക്കുന്നവരുടെ പോഷകസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനാലാണ് സഹകരണമേഖലയെ തകർക്കുന്നതും മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്നതുമെല്ലാം. ‘സഹകരണമേഖലയെ തകർക്കരുത്, ഇ.ഡിയുടേത് രാഷ്ട്രീയവേട്ട’ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 19ന് മുഴുവൻ ജില്ല ആസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. നിയമനതട്ടിപ്പ് അടക്കം ചില മാധ്യമങ്ങളുടെ നിരന്തര വ്യാജവാർത്തകൾ സർക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നതായും നേതാക്കൾ പറഞ്ഞു.
വസ്ത്രം, ഭക്ഷണം എന്നിവയെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും മറ്റെല്ലാം പച്ചവർഗീയതയാണ് എന്നുമായിരുന്നു തട്ടം വിവാദം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, ജില്ല സെക്രട്ടറി പി.സി. ഷൈജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.