ശാന്തമായി മലയോര മണ്ഡലം
text_fieldsപുൽവാമയും കിഫ്ബി മസാല ബോണ്ടും നിയമനക്കോഴയും തിളച്ചുമറിഞ്ഞാണ് തുടക്കമെങ്കിലും ശാന്തമായി ഒഴുകുകയാണ് പത്തനംതിട്ടയുടെ വോട്ടുമനസ്സ്. മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് ബഹളങ്ങളിൽ ഇടക്കാലത്ത് വോട്ടർമാരിലും രാഷ്ട്രീയ പാർട്ടികളിലം സൃഷ്ടിച്ച തണുപ്പ് അവസാനലാപ്പിലേക്ക് എത്തുമ്പോൾ മേടച്ചൂടിൽ തിളച്ചുതുടങ്ങി.
രാജ്യം തന്നെ ഉറ്റുനോക്കുന്ന പത്തനം‘തിട്ട’ കളത്തിൽ പോരിന് കനമേറുന്നു. മൂന്ന് മുന്നണികളും ആഭ്യന്തരപ്രശ്നങ്ങൾ നേരിട്ട് മുന്നോട്ട് പോകുമ്പോഴും വളരെ ചിട്ടയോടെ ഇടതുമുന്നണിയാണ് പ്രചാരണരംഗത്ത് മുന്നിൽ. മൂന്നാംഘട്ട പ്രചാരണത്തിൽ അവസാന ലാപ്പിലാണ് അവർ. യു.ഡി.എഫും എൻ.ഡി.എയും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു.
ഈസി വാക്കോവറല്ല
ഹാട്രിക്ക് പൂർത്തിയാക്കി വീണ്ടും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് ഇക്കുറി മത്സരം കടുപ്പമാണ്. മുൻതെരഞ്ഞെടുപ്പുകളിൽ കുറഞ്ഞുവന്ന ഭൂരിപക്ഷത്തിന് മുന്നിൽ ആന്റോ വിയർക്കുമ്പോൾ, മറ്റ് മണ്ഡലങ്ങളേക്കാൾ യു.ഡി.എഫിന് കൂടുതൽ വോട്ട് നൽകുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മേഖലകളാണ് എൽ.ഡി.എഫിന്റെ അധിക ശ്രദ്ധ. കഴിഞ്ഞപ്രാവശ്യം അടൂർ ഒഴികെ ആറു മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. അടൂരിൽ ആന്റോ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ മൂന്നുതവണയും യു.ഡി.എഫിന്റെ ഭൂരിപക്ഷം പടിപടിയായി കുറക്കാനായതിന്റെ പ്രതീക്ഷയിലാണ് ഇടതുനിര. വി.എസ്, ആദ്യ പിണറായി സർക്കാറുകളിൽ ധനമന്ത്രിയും നാല് തവണ എം.എൽ.എയുമായ എൽ.ഡി.എഫിന്റെ ഡോ. ടി.എം. തോമസ് ഐസക്കിന് ലോക്സഭയിലെ കന്നി അങ്കം ഈസി വാക്കോവർ അല്ല.
കിഫ്ബിയിലൂടെ വികസനം തെളിവായി മണ്ഡലത്തിൽ ചൂണ്ടിക്കാട്ടുമ്പോഴും സംസ്ഥാനത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയുടെ കാരണക്കാരനായി എതിരാളികൾ ചാർത്തിയ ആരോപണങ്ങളിൽ വിയർക്കുകയാണ് ഐസക്.
ശബരിമല തിളച്ച 2019ലെ ആവേശം എൻ.ഡി.എ ക്യാമ്പിൽ കാണാനില്ല. ബി.ജെ.പി പാളയത്തിൽ എത്തിയ പി.സി ജോർജിനെ കാത്തിരുന്ന അണികളിലേക്ക് സർപ്രൈസ് സ്ഥാനാർഥിയായി നരേന്ദ്രമോദി നേരിട്ട് രംഗത്തിറക്കിയ അനിൽ ആന്റണിയെ ഉൾക്കൊള്ളാൻ പ്രാദേശിക നേതൃത്വങ്ങളും അണികളും തയാറായിട്ടില്ല.
എങ്ങും ചർച്ച സിറ്റിങ് എം.പി
15 വർഷമായി തുടരുന്ന സിറ്റിങ് എം.പി ആന്റോ ആന്റണിയുടെ വികസനമാണ് എങ്ങും ചർച്ച. റോഡരികിലെ പൊക്കവിളക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അല്ലാതെ മറ്റൊന്നും എടുത്തുകാണിക്കാൻ യു.ഡി.എഫിന് ഇല്ലെന്നാണ് എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രധാന ആരോപണം. ആന്റോയുടെ ലോക്സഭയിലെ പ്രകടനവും ജനങ്ങൾക്കിടയിൽ ചർച്ചയാക്കുന്നതിൽ ഇടതുമുന്നണി വിജയിച്ചിട്ടുണ്ട്.
ഇതിനു മറുപടിയായി 72 പേജുള്ള കൈപ്പുസ്തകം ഇറക്കിയ ആന്റോ ആന്റണി വികസനം അക്കമിട്ട് നിരത്തുന്നു. പാർട്ടി സഹപ്രവർത്തകരേക്കാൾ ലോക്സഭ സമ്മേളനങ്ങളിലെ 82 ശതമാനം സാന്നിധ്യവും ചർച്ചകളിലെ ഇടപെടൽ, സ്വകാര്യ ബിൽ അവതരണം തുടങ്ങി ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ അവസാനകാലത്തെ സസ്പെൻഷൻ വരെ യു.ഡി.എഫ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. ലോക്സഭയിൽ 1652 ചോദ്യങ്ങൾ ഉയർത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു.
ആഭ്യന്തര പ്രശ്നം മൂന്ന് മുന്നണിയിലും
മൂന്ന് മുന്നണികളും ഒരുപോലെ ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സി.പി.എമ്മിന്റെ കേഡർ സംവിധാനം മൂലം അൽപം ആശ്വാസം എൽ.ഡി.എഫിനുണ്ട്. കോട്ടയം ജില്ലക്കാരൻ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിൽ കാലുവാരൽ ഭീഷണിയിലാണ് കോൺഗ്രസ്.
ഇപ്പോൾ പി.ജെ കുര്യൻ പാർട്ടിയെ നിയന്ത്രിക്കുന്ന ജില്ലയിൽ നല്ലൊരു വിഭാഗം അതൃപ്തരാണ്. ഐസക്കിന്റെ സ്ഥാനാർഥിത്വം പാർട്ടി ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്ന മുൻ എം.എൽ.എയും സി.ഐ.ടി.യു സംസ്ഥാന നേതാവും തമ്മിൽ ഗ്രൂപ്പുപോരിന് വഴിയൊരുക്കി. പാർട്ടി ജില്ല സെക്രട്ടറി ഇരുവരെയും ഇരുത്തി വാർത്ത സമ്മേളനം നടത്തിയാണ് അത് പരിഹരിച്ചത്.
എൻ.ഡി.എയിൽ പി.സി. ജോർജും അണികളും സ്ഥാനാർഥിത്വം കിട്ടാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ്. ശബരിമലയുടെ അലയൊലികൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകൂടി പ്രതീക്ഷിച്ച് രംഗത്തിറങ്ങിയ അനിലിന് കടുകട്ടി പരീക്ഷണം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.