കാൽനടയാത്രക്കാർ കാറിടിച്ച് മരിച്ച സംഭവം: അഗ്യാറാം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsമാനന്തവാടി: കൂട്ടുകാർ ആകസ്മികമായി വാഹനാപകടത്തിൽ മരിച്ചതിന്‍റെ നടുക്കം വിട്ടുമാറിയിട്ടില്ലെങ്കിലും മരണം തലനാരിഴക്ക് വഴിമാറിയതിന്‍റെ ആശ്വാസത്തിൽ അഗ്യാറാം. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരും ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശികളുമായ ദുര്‍ഗപ്രസാദ് (37), തുളസിറാം (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍നിന്നു വന്ന കാറാണ് കൂട്ടുകാരെ ഇടിച്ചുതെറിപ്പിച്ചതെന്നു അംഗ്യാറാം പറഞ്ഞു.
കാര്‍ ദുര്‍ഗാപ്രസാദിനെയും തുളസിറാമിനെയും ഇടിച്ചു തെറിപ്പിച്ച് പാലത്തിന്‍റെ കൈവരിയില്‍ തട്ടി കമിഴ്ന്ന് മറിയുകയായിരുന്നു. മൂത്രമൊഴിക്കാന്‍ മാറിയ കാരണത്താലാണ് വണ്ടിയുടെ ഇടിയില്‍നിന്ന് താന്‍ രക്ഷപ്പെട്ടതെന്ന് അഗ്യാറാം പറഞ്ഞു. തോണിച്ചാല്‍ സ്വദേശി പി.കെ. അനിലും മകന്‍ അനന്തുവുമാണ് പരിക്കേറ്റ് റോഡില്‍ കിടന്ന ദുര്‍ഗാപ്രസാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അപകടവിവരം പൊലീസിനെ അറിയിച്ചതും അനിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സി.ഐ എം.എം. അബ്ദുല്‍കരീം പറഞ്ഞു.
മാനന്തവാടി എം.എൽ.എ ഒ.ആര്‍. കേളുവിന്‍റെ നിർദേശ പ്രകാരം മാനന്തവാടി തഹസില്‍ദാര്‍ എന്‍.ജെ. അഗസ്റ്റിന്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, മാനന്തവാടി പൊലീസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ ഇടപെടലിലൂടെ ദുര്‍ഗപ്രസാദിന്‍റെയും തുളസിറാമിന്‍റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. ജില്ല നിര്‍മിതി കേന്ദ്രം സബ് കോണ്‍ട്രാക്ട് തൊഴിലാളിയായിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ 1.4 ലക്ഷം രൂപ ചെലവഴിച്ചാണ് നാട്ടിലേക്ക് അയച്ചത്.
മൃതദേഹങ്ങള്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുകയും അവിടെനിന്ന് ലക്‌നൗ വിമാനത്താളത്തിലേക്കും തുടര്‍ന്ന് ആംബുലന്‍സില്‍ നാട്ടിലെത്തിക്കുകയും ചെയ്യും. ഇവരുടെ സഹോദരങ്ങളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സുഹൃത്ത് അഗ്യാറാമും മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.