തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകൾ
text_fieldsകൽപറ്റ: മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കർണാടകയിൽ എത്തിച്ചപ്പോൾ ചെരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ തോക്കിൽനിന്നുള്ള പെല്ലറ്റ് കൊണ്ട പാടുകൾ. ആനയുടെ ശരീരത്തിൽ ഒന്നിൽ കൂടുതൽ പെല്ലറ്റ് ഏറ്റ പാടുകളുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കർണാടകയിൽ കൃഷിയിടങ്ങളിലും ജനവാസമേഖലയിലും എത്തിയിരുന്ന ആന ജലസേചന പൈപ്പുകൾ പൊട്ടിക്കുന്നത് പതിവാണ്.
അവിടെയുള്ളവര് എയര്ഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലറ്റ് ഏറ്റതെന്ന നിഗമനത്തിലാണ് അധികൃതർ. കേരളത്തിൽനിന്ന് പെല്ലറ്റ് ഏൽക്കാനുള്ള സാധ്യത കുറവാണ്. ജനുവരി 16നാണ് കർണാടക ഹാസനിലെ ബേലൂരിൽനിന്ന് ആനയെ വനംവകുപ്പ് പിടികൂടുന്നത്. പിന്നീട് മൂലഹൊള്ള ഭാഗത്താണ് തുറന്നുവിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ചശേഷമാണ് വനത്തിനുള്ളിലേക്ക് തുരത്തിയത്. അവിടെനിന്ന് നാഗർഹോള വനത്തിലൂടെ തിരുനെല്ലിയിലും അവിടെനിന്ന് എടവക പഞ്ചായത്തിലും തുടർന്ന് മാനന്തവാടിയിലും എത്തുകയായിരുന്നു. അപ്പോഴേക്കും ഏകദേശം 200 കി.മീറ്റർ ദൂരം ആന നടന്നുകഴിഞ്ഞു.
റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ ആനയുടെ സഞ്ചാരപാത നിരീക്ഷിച്ച് കർണാടക വനംവകുപ്പിന് കൃത്യമായി അറിയിക്കാൻ പറ്റുമായിരുന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് ആന എത്തിയപ്പോൾ വയനാട് നോർത്ത് ഡി.എഫ്.ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ കർണാടക വനംവകുപ്പ് അറിയിച്ചില്ലെന്നാണ് പറയുന്നത്.
കൃത്യമായി അറിയിച്ചിരുന്നുവെങ്കിൽ ആനയെ നിരീക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, സിഗ്നൽ കൃത്യമായി ലഭിക്കാത്തതാണ് തിരിച്ചടിയായത്. ജനവാസമേഖലയിൽ ഇറങ്ങിയപ്പോൾ ആരോഗ്യമുള്ള ആനയുടെ ലക്ഷണമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. കൂടാതെ കാട്ടിലേക്ക് തുരത്താൻ കഴിയാത്ത സാഹചര്യവുമായിരുന്നു. അതിനാലാണ് മയക്കുവെടിവെച്ചു പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്.
പോസ്റ്റ്മോർട്ടത്തിലാണ് ആന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്ന് വ്യക്തമായത്. ഇടത് കാലിലെ മുറിവിന്റെ വ്യാപ്തി 40 സെന്റിമീറ്റർ ആഴത്തിലുള്ളതാണ്. ഇതിൽനിന്ന് ഒരു ലിറ്റർ പഴുപ്പാണ് നീക്കിയത്. മുറിവുകൾക്ക് ഒരുമാസത്തിലേറെ പഴക്കമുണ്ട്. ഇത് ആനയെ ശാരീരിക അവശതയിൽ എത്തിച്ചിട്ടുണ്ട്. അതിനിടയിൽ രണ്ടുതവണ മയക്കുവെടിക്കും ആന വിധേയമായി.
രാസപരിശോധനകൾ പൂർത്തിയാക്കി അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്നാണ് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.