പൊമ്പിളൈ ഒരുമൈ സമരം: കോൺഗ്രസിൽ ഭിന്നത
text_fieldsസമരത്തെ പിന്തുണക്കണമെന്ന കെ.പി.സി.സി നേതൃത്വത്തിെൻറ നിലപാട് അംഗീകരിക്കാൻ പ്രാദേശിക നേതാക്കൾ തയാറായിട്ടില്ല.
മൂന്നാർ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ പിന്തുണക്കുന്നതിനെച്ചൊല്ലി കോൺഗസിൽ ഭിന്നത. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രാദേശിക നേതൃത്വത്തിെൻറ എതിർപ്പ് മറികടന്ന് സമരപ്പന്തൽ സന്ദർശിച്ച് െഎക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ഭിന്നത കൂടുതൽ രൂക്ഷമായി. സമരത്തെ പിന്തുണക്കണമെന്ന കെ.പി.സി.സി നേതൃത്വത്തിെൻറ നിലപാട് അംഗീകരിക്കാൻ പ്രാദേശിക നേതാക്കൾ ഇനിയും തയാറായിട്ടില്ല.
പൊമ്പിളൈ ഒരുമൈയുടെ സമരവുമായി മൂന്നാറിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം സഹകരിക്കില്ലെന്ന നിലപാടിലാണ് കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി. സ്ത്രീത്തൊഴിലാളികളെ അവഹേളിച്ച മണി രാജിവെക്കണമെന്ന് തന്നെയാണ് തങ്ങളുടെയും ആവശ്യം.
എന്നാൽ, തൊഴിലാളി സംഘടനകളെ തള്ളിപ്പറഞ്ഞ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തെ അനുകൂലിക്കാനാവില്ല.
എ.എ.പി പോലുള്ള സംഘടനകൾ സ്പോൺസർ ചെയ്തിരിക്കുന്ന സമരം നാടകമാണ്. മൂന്നാറിൽ കോൺഗ്രസ് നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, പൊമ്പിളൈ ഒരുൈമയെ പിൻതുണച്ച് സമരം നടത്താൻ താൽപര്യമില്ല.
മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മൂന്നാറിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.സി. വിഷ്ണുനാഥ് എന്നിവരോട് സമരപ്പന്തൽ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് വകവെക്കാതെ നേതാക്കൾ സന്ദർശനം നടത്തിയതിൽ വിരോധമില്ല. തൊഴിലാളികളുടെ പിന്തുണയില്ലാതെ ഗോമതി നടത്തുന്ന സമരത്തെ ഒരിക്കലും പിന്തുണക്കില്ല. ഇൗ നിലപാടിെൻറ പേരിൽ തനിക്കെതിരെ പാർട്ടി നടപടിയെടുത്താൽ സ്വീകരിക്കുമെന്നും എ.കെ. മണി പറഞ്ഞു.
അതേസമയം, എ.കെ. മണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരമാണെന്നാണ് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ പ്രതികരിച്ചത്.
മണി പറഞ്ഞതു കാര്യമാക്കേണ്ടതില്ലെന്നും തൊഴിലാളി സംഘടനയുടെ അഭിപ്രായമെന്ന നിലയിൽ കണ്ടാൽ മതിയെന്നും ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂന്നാർ സന്ദർനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.കെ. മണിയെ സമരപ്പന്തലിൽ കയറ്റില്ലെന്ന് പൊമ്പിളൈ ഒരുമൈ
കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണിയെ സമരപ്പന്തലിൽ കയറാൻ അനുവദിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ. എ.കെ. മണിയും പലവട്ടം പൊമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയിട്ടുണ്ടെന്നും അവർ ആരോപിച്ചു.
ബോണസും ശമ്പളവും ആവശ്യപ്പെട്ട് മൂന്നാർ ടൗണിൽ സ്ത്രീത്തൊഴിലാളികൾ സമരം നടത്തുമ്പോഴാണ് എ.കെ. മണി മോശം പരാമർശം നടത്തിയതെന്ന് ഗോമതി പറഞ്ഞു.
എം.എം. മണിക്കെതിരെ സമരവുമായി രംഗത്തെത്തിയപ്പോൾ വീണ്ടും അദ്ദേഹം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ട്രേഡ് യൂനിയനുകളെ ആശ്രയിച്ചല്ല തങ്ങൾ ജീവിക്കുന്നത്. വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മണി രാജിവെക്കുന്നതുവരെ സമരം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.