Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''തൃശൂരാർക്ക്‌...

''തൃശൂരാർക്ക്‌ പേനക്കും ആശ്വത്രീണ്ട്‌ ട്ടാ..." - അബ്ദുൽ കലാമിൻ്റെ വരെ പേന 'ചികിത്സിച്ച' ഡോക്ടറുമുണ്ടിവിടെ

text_fields
bookmark_border
തൃശൂരാർക്ക്‌ പേനക്കും ആശ്വത്രീണ്ട്‌ ട്ടാ... - അബ്ദുൽ കലാമിൻ്റെ വരെ പേന ചികിത്സിച്ച ഡോക്ടറുമുണ്ടിവിടെ
cancel
camera_alt

കെ.എ. നാസർ പെൻഹോസ്​പിറ്റലിൽ

"ആമസോണിൽ നിന്ന് Sheaffer മഷിപ്പേനക്കൊപ്പം വാങ്ങിയ പിസ്റ്റൺ പേനയുടെ ശരീരത്തിനുള്ളിൽ കയറുന്നില്ല! കൂടെക്കിട്ടിയ കാട്രിഡ്ജിലെ മഷി തീർന്ന് എഴുത്ത്‌ ഉടനെ നിൽക്കും...പിന്നെയൊന്നും ആലോചിച്ചില്ല, നേരെ വിട്ടു തൃശൂരിലെ Pen Hospital ലേക്ക്‌..

(ഞങ്ങൾ തൃശൂരാർക്ക്‌ പേനക്കും ആശ്വത്രീണ്ട്‌ ട്ടാ..) അത്യാഹിത വിഭാഗത്തിൽ 15 മിനിറ്റിനുള്ളിൽ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയായി...

കയ്യിൽ പുരണ്ട‌ മഷി കറുത്ത തൂവാലയിൽ തുടച്ചുകൊണ്ട്‌ നാസറിക്ക പറഞ്ഞു '..കൊണ്ടുപൊയ്ക്കോളൂ ഇനി കുഴപ്പമില്ലാതെ എഴുതിക്കോളും.. " -തോമസ് കെയാൽ എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.

പല പ്രമുഖരുടെയും പ്രിയപ്പെട്ട ' പേന ഡോക്ടർ' ആയ കെ.എ. നാസറിനെ കുറിച്ചായിരുന്നു ഈ പോസ്റ്റ്. നഗരമധ്യത്തിൽ പാലസ് റോഡിനരികിലുള്ള 'ഓണസ്റ്റ് ' പെന്‍ ഹോസ്പിറ്റലിലെ 'ഡോക്ടറാണ് ' നാസർ. 1959ൽ നാസറിന്‍റെ പിതാവ് കോലോത്തു പറമ്പില്‍ അബ്ദുല്ലയാണ് ഇത് സ്ഥാപിച്ചത്.

അദ്ദേഹത്തിൻ്റെ മരണശേഷം 1979 മുതൽ നാസറിനാണ് ഹോസ്പിറ്റലിന്റെ ചുമതല. അപകടത്തില്‍പ്പെട്ട ഒരു പേനയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ചിത്രമുള്ള ചുമരിനോട് ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ് പെന്‍ ഹോസ്പിറ്റലിന്‍റെ പ്രവര്‍ത്തനം. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ഇവിടെ പേനകൾ പരിശോധിക്കുന്നത്.

പേന നന്നാക്കൽ മാത്രമല്ല, ഓരോ പേനകളെയും എങ്ങനെയാണ് ഉടമസ്ഥര്‍ സൂക്ഷിക്കേണ്ടതെന്ന ബോധവത്കരണവും നാസർ നൽകുന്നുണ്ട്. രണ്ട് രൂപയുടെ റീഫില്ലുകള്‍ മുതല്‍ ആയിരങ്ങള്‍ വിലവരുന്ന പേനകള്‍ വരെ ഇവിടെ വില്‍ക്കുന്നുമുണ്ട്. ഫ്രാന്‍സ്, അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള പേനകൾ ഇവിടെ ലഭ്യമാണ്.

കള്ളനോട്ട് കണ്ടുപിടിക്കാനുള്ള ലേസര്‍ പേനകള്‍. വാച്ച് പേനകള്‍, കാല്‍ക്കുലേറ്റര്‍ പേനകള്‍, സീല്‍ പേനകള്‍, കാലിഗ്രഫി പേനകള്‍, എഴുതിയാല്‍ മായ്ച്ചുകളയാന്‍ പറ്റുന്ന തരം പേനകള്‍, എഴുതിയാല്‍ തിളങ്ങിനില്‍ക്കുന്ന ഹൈലേറ്റഡ് പേനകള്‍, വെളിച്ചമില്ലാത്തപ്പോള്‍ എഴുതാന്‍ ലൈറ്റ് ഘടിപ്പിച്ച പേനകള്‍, ഫോണിലെ എഴുത്തുകള്‍ക്ക് ഉപയോഗിക്കാവുന്ന പേനകള്‍, ക്യാമറ പേനകള്‍ എന്നിങ്ങനെ അപൂര്‍വ്വങ്ങളായ പേനകള്‍ ഇവിടെ കിട്ടും.

പിതാവ് ഹോസ്പിറ്റൽ നടത്തുമ്പോൾ സമീപത്തുള്ള മോഡൽ ബോയ്സ് സ്കൂളിൽ പഠിക്കുകയായിരുന്ന നാസർ ഒഴിവുസമയങ്ങളിലെല്ലാം കടയിലെത്തിയാണ് പേനകളുമായി ഹൃദയബന്ധം സ്ഥാപിച്ചെടുക്കുന്നത്. നാസറിന് ഇത് വെറും വരുമാനമാർഗമല്ലാത്തതും ഈ ഹൃദയബന്ധം കൊണ്ടാണ്. പേന നന്നാക്കുന്നതിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വില മാത്രമാണ് നാസർ ഈടാക്കാറുള്ളത്.

പോക്കറ്റിൽ പേന തിരുകുന്നവർ അതിനെ ഹൃദയത്തിൽ ചേർത്തുപിടിക്കാത്തതിലെ വിഷമവും നാസർ മറച്ചുവെക്കുന്നില്ല. പേനകളെ കുഞ്ഞുങ്ങളെ പോലെ പരിചരിക്കണമെന്നും അവയോട് സ്‌നേഹവും പരിഗണനയുമുണ്ടാകണമെന്നും അവയെ നമ്മുടെ കൂടെ തന്നെയുള്ള ഒരു വ്യക്തിയായി കാണണമെന്നും നാസർ കടയിലെത്തുന്നവരെ ഉപദേശിക്കാറുണ്ട്.

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേനകൾ പിതാവ് സുഖപ്പെടുത്തിയതിൻ്റെ ഓർമ്മകൾ നാസർ സന്ദർശകരുമായി പങ്കുവെക്കാറുണ്ട്. എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് തൃശൂരിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പേന നന്നാക്കാൻ നാസറിന് അവസരം കിട്ടിയിരുന്നു.

തകഴി ശിവശങ്കരപ്പിള്ള, കുഞ്ഞുണ്ണി മാഷ്, വൈലോപ്പിള്ളി, സാറാ ജോസഫ്, വൈശാഖന്‍ തുടങ്ങി എഴുത്തുകാര്‍, സിനിമാ നടന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ശാസ്ത്രജ്ഞന്‍മാര്‍, കളക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വക്കീലന്മാര്‍ എന്നിങ്ങനെ പല മേഖലയിൽ നിന്നുമുള്ളവര്‍ ഈ ആശുപത്രിയിൽ നിത്യവുമെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newspen hospitalpen doctor
Next Story