ഒരേയൊരു പെണ്ണമ്മ
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിനിടെ വീണ്ടുമൊരു അന്താരാഷ്ട്ര വനിതദിനം കൂടി വന്നെത്തുമ്പോൾ ജില്ലയിൽനിന്ന് നിയമസഭയിലേക്കെത്തിയ ഏക സാമാജിക പെണ്ണമ്മ ജേക്കബും ഓർമകളിൽ നിറയുകയാണ്.
നിരവധി കഴിവുറ്റ വനിതകൾ വിവിധ മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് ഗോദയിൽ പൊരുതിയെങ്കിലും വിജയം തുണച്ചത് മൂവാറ്റുപുഴയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് മത്സരിച്ച പെണ്ണമ്മയെ മാത്രം, അതും സ്വതന്ത്രയായി പോരാടിയായിരുന്നു. 1970ൽ നാലാമത് നിയമസഭയിലേക്കാണ് 2124 വോട്ടിെൻറ ഭൂരിപക്ഷത്തോടെ സി.പി.ഐയുടെ പി.വി. എബ്രഹാമിനെ തോൽപിച്ച് പെണ്ണമ്മ നടന്നുകയറിയത്.
എന്നാലിതിനുശേഷം നിരവധി വനിതകൾ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, അഖിലകേരള ബാലജനസഖ്യം സംസ്ഥാന ഓർഗനൈസർ, വിവിധ വനിത സംഘടനകളുടെ നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച പെണ്ണമ്മ അടിയന്തരാവസ്ഥ കാലത്ത് നിയമസഭയിൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ശ്രദ്ധനേടി.
കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി സ്ഥാപകനും മുൻമന്ത്രിയുമായ ടി.എം. ജേക്കബിെൻറ ഭാര്യ ആനി ജേക്കബിെൻറ (ഡെയ്സി) അമ്മ കൂടിയാണ് ഇവർ. 1998ൽ നിര്യാതയായി.
പെണ്ണമ്മയെ കൂടാതെ നിലവിലെ വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, കമീഷൻ അംഗം ഷിജി ശിവജി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ തുടങ്ങി പ്രമുഖരാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭാഗ്യം പരീക്ഷിച്ചത്.
1960ലെ തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ കോൺഗ്രസിലെ കെ.കെ. വിശ്വനാഥനെതിരെ രത്നം രംഗനാഥ് റായ് മത്സരിച്ച് തോറ്റു. ഇതേ മണ്ഡലത്തിൽ 2006ൽ മുസ്ലിം ലീഗിലെ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയും 1987ൽ അങ്കമാലിയിൽ കേരള കോൺഗ്രസിലെ എം.വി. മാണിക്കെതിരെയും മത്സരിച്ചുതോറ്റ ചരിത്രമുണ്ട്് സി.പി.എമ്മിെൻറ കരുത്തുറ്റ നേതാവുകൂടിയായ ജോസഫൈന്.
കുന്നത്തുനാട്ടിൽ 1991ൽ ടി.എച്ച്. മുസ്തഫക്കെതിരെ (കോൺഗ്രസ്) മത്സരിച്ച റുഖിയ ബീവിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2016) വി.പി. സജീന്ദ്രനെതിരെ (കോൺഗ്രസ്) പോരാടിയ ഷിജി ശിവജിയും പരാജയം നുണഞ്ഞു. ആലുവ മണ്ഡലത്തിൽ കോൺഗ്രസിലെ കെ. മുഹമ്മദാലിക്കെതിരെ 1996ൽ മത്സരിച്ച സരോജിനി ബാലാനന്ദനും 2001ൽ മത്സരിച്ച അഡ്വ.കെ.കെ. സാജിതക്കും ജയിക്കാനായില്ല.
2006ൽ പെരുമ്പാവൂരിൽ സി.പി.എമ്മിലെ സാജു പോളിനെതിരെ മത്സരിച്ച ഷാനിമോൾ ഉസ്മാെൻറയും വിധി മറ്റൊന്നായിരുന്നില്ല.
നിലവിലെ ജില്ല പഞ്ചായത്ത് അംഗവും മുൻ മുഖ്യമന്ത്രി പി.കെ. വാസുേദവൻ നായരുടെ മകളുമായ ശാരദ മോഹനൻ 2016ൽ പരാജയപ്പെട്ടത് പറവൂരിൽ വി.ഡി. സതീശനോടാണ്. ഇത്തവണയും സ്ഥാനാർഥി നിർണയത്തിൽ വനിതകളുടെ പേര് അധികമൊന്നും ഉയർന്നുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.