പെൻഷൻപ്രായ വർധന അറിഞ്ഞില്ല; അതൃപ്തി പരസ്യമാക്കി സി.പി.എം
text_fieldsതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി ഏകീകരിക്കാനുള്ള സർക്കാർ തീരുമാനം സി.പി.എമ്മും ഇടതുമുന്നണിയും അറിയാതെ. ഇക്കാര്യത്തിൽ പാർട്ടിയുടെ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി പ്രകടിപ്പിച്ചു. വെള്ളിയാഴ്ച പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ ആരംഭിക്കാനിരിക്കെയാണ് പതിവ് രീതികൾ വിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. സി.പി.ഐക്കും അതൃപ്തിയുണ്ടെന്ന സൂചന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നൽകി. പെൻഷൻപ്രായ വർധന പാർട്ടിയും മുന്നണിയും ചർച്ച ചെയ്തിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് മരവിപ്പിക്കാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്തത്. സർക്കാർതന്നെ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നയപരമായ വിഷയങ്ങൾ പാർട്ടിയും മുന്നണിയും ചർച്ചചെയ്ത് തീരുമാനിക്കുന്നതാണ് രീതി. എന്നാൽ ഇത്തരമൊരു സുപ്രധാന വിഷയത്തിൽ ചർച്ച ഉണ്ടായില്ല. നേരേത്തതന്നെ സർക്കാറിന് വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടും ചർച്ച ചെയ്യാതിരുന്നതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിലെ നിലപാട് പാർട്ടി സെക്രട്ടറി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തൊട്ടുടനെ ചേർന്ന മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി തീരുമാനം മരവിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയിട്ടും വിഷയത്തിലെ അതൃപ്തി പുതിയ സംസ്ഥാന സെക്രട്ടറി പരസ്യമാക്കുകയായിരുന്നു. സമീപകാലത്തൊന്നുമില്ലാത്ത സമീപനമാണ് എം.വി. ഗോവിന്ദനിൽനിന്നുണ്ടായത്. വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. വിഷയം ചർച്ചക്ക് വന്നേക്കും.
സർക്കാർ തീരുമാനമെടുത്തു, സർക്കാർ തന്നെ പിൻവലിച്ചുവെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.
അതേസമയം തീരുമാനം സർക്കാർ അറിയാതെയെങ്കിൽ ഫയലിൽ ഒപ്പുവെച്ച മന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.