പെൻഷൻ പ്രായവർധന: തീരുമാനം പിൻവലിച്ചില്ലെങ്കിൽ സർക്കാറിൻ്റെ അന്ത്യം കുറിക്കും -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾക്കിടയിൽ പെൻഷൻ പ്രായം കൂട്ടിക്കൊണ്ടുള്ള സർക്കാറിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ദീർഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീയുവാക്കളുടെ ഒരു സർക്കാർ ജോലി നേടുകയെന്ന സ്വപ്നം തല്ലിക്കെടുത്തുന്നതാണ്.
ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങളിൽ മാത്രമെന്ന് സർക്കാർ പറയുന്നതിൽ ഒരു ആത്മാർത്ഥതയുമില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണിതിനു പിന്നിൽ. സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. റാങ്ക്പട്ടിക പലതും പി.എസ്.സിയുടെ ഫ്രീസറിലാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ രണ്ടാം പിണറായി സർക്കാറിൻ്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
അരിവില കൂടാൻ കാരണം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്നും സർക്കാർ സംവിധാനം കാഴ്ചക്കാരൻ്റെ റോളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്ല് സംഭരണം വൈകിപ്പിച്ചതിനു പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നുണ്ട്. ഇവരാണിപ്പോൾ സർക്കാർ സംവിധാനം നിയന്ത്രിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു കിലോ അരിക്ക് 15ഉം 20ഉം രൂപ കൂടുന്നത്. ഈ കാട്ടു കൊള്ളക്ക് കുട പിടിക്കുന്ന ജോലി മാത്രമാണ് ഭക്ഷ്യ- കൃഷി വകുപ്പുകൾക്ക്. ജി.എസ്.ടിയുടെ പേരു പറഞ്ഞാണ് കൊള്ളകൾ. ഇക്കാര്യങ്ങളിൽ ഒന്നിലും ഇടപെടാൻ വിവിധ വിവാദങ്ങളുടെ തീച്ചൂളയിൽ നിൽക്കുന്ന സർക്കാരിന് സമയമില്ല. കൊടുക്കൽ വാങ്ങൽ കാര്യത്തിൽ മാത്രമാണ് സർക്കാരിന് താൽപര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.