Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെന്‍ഷന്‍ പ്രായം 60...

പെന്‍ഷന്‍ പ്രായം 60 ആക്കില്ല; ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശ തള്ളി സർക്കാർ

text_fields
bookmark_border
പെന്‍ഷന്‍ പ്രായം 60 ആക്കില്ല; ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശ തള്ളി സർക്കാർ
cancel

തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആക്കണമെന്ന ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശ സർക്കാർ തള്ളി. നാലാം ഭരണപരിഷ്കാര കമീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.

KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വിസ് കോഡ് രൂപവത്കരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വിസിലും സ്റ്റേറ്റ് സര്‍വിസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വിസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്കരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും.

സെക്രട്ടേറിയറ്റിലെ ലിങ്ക് ഓഫിസ് സംവിധാനം എല്ലാ ഓഫിസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി.എസ്.സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം. എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കണം.

മുനമ്പം; മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ കമീഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം നിയോഗിച്ച ജുഡീഷ്യൽ കമീഷന്‍ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന സി.എൻ. രാമചന്ദ്രൻ നായര്‍ ജുഡീഷ്യല്‍ കമീഷന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമീഷന് ആവശ്യമായ ഓഫിസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താൻ എറണാകുളം ജില്ല കലക്ടറെ ചുമതലപ്പെടുത്തി.

വിഴിഞ്ഞം; സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏർപ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കി. കരട് സപ്ലിമെന്‍ററി കണ്‍സഷന്‍ കരാര്‍ അംഗീകരിച്ചു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്‍ററി കരാര്‍ ആവശ്യമായി വന്നത്. നിയമ വകുപ്പിന്‍റെയും അഡ്വക്കറ്റ് ജനറലിന്‍റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്‍ററി കരാറിന് മന്ത്രിസഭ അനുമതി നല്‍കിയത്.

കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടപ്രവര്‍ത്തികള്‍ 2028 ഓടെ പൂര്‍ത്തീകരിക്കും. നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്‍റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകും. ഇതുവഴി 4 വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്‍റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും.

കോവിഡും ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് 5 വര്‍ഷം നീട്ടി നല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രുപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കരാര്‍ കാലാവധി അഞ്ച് വര്‍ഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ വസൂലാക്കും.

യാത്രാബത്ത അനുവദിക്കും

കുടുംബശ്രീ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് (Community Development Societies) അംഗങ്ങള്‍ക്ക് യാത്രാബത്തയായി പ്രതിമാസം 500 രൂപ അനുവദിക്കും.

വാഹാനാപകടം; മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താന്‍ നടപടി

തൃശ്ശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നല്‍കാനുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രിതലത്തില്‍ സ്വീകരിക്കും.

വയോജന കമീഷന്‍ ഓര്‍ഡിനന്‍സ്

കരട് വയോജന കമ്മീഷന്‍ ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഇത് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപര്‍ശ ചെയ്യും. വയോജനങ്ങളുടെ ക്ഷേമത്തിനായി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനും, കഴിവുകൾ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും, വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ, ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതു സംബന്ധിച്ച പരിശോധന നടത്തുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യം. ചെയര്‍മാനും മൂന്നില്‍ കുറയാത്ത അംഗങ്ങളും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentadministrative reforms commissionPension age increase
News Summary - Pension age will not be increased to 60; Administrative Reforms Commission's recommendation rejected
Next Story