പെൻഷൻ സർട്ടിഫിക്കറ്റ് പരിമിതപ്പെടുത്തിയത് അർബുദ ബാധിതർക്ക് വിനയാകുന്നു
text_fieldsചാവക്കാട്: സംസ്ഥാനത്തെ അർബുദബാധിതർക്കുള്ള പെൻഷന് സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള അധികാരം വിവിധ കാൻസർ സെൻററുകൾക്ക് നൽകിയ ആരോഗ്യ വകുപ്പ് അധികൃതരുടെ ഉത്തരവ് രോഗികൾക്ക് ദുരിതമാകുന്നു. സംസ്ഥാന സർക്കാറിെൻറ കാൻസർ പെൻഷനുള്ള അപേക്ഷ ഫോറത്തിൽ (ഫോറം നമ്പർ 10) പഞ്ചായത്ത് തലത്തിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ഇത്തരം സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകിയാൽ താലൂക്ക് അധികൃതർ നിരസിക്കാറില്ലായിരുന്നു. അർബുദ രോഗികൾക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ഇത് തടസ്സമില്ലാതെ തുടരുകയായിരുന്നു
എന്നാൽ, പി.എച്ച്.സി മെഡിക്കൽ ഓഫിസർമാർ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും അപേക്ഷയോടൊപ്പം വെക്കുന്ന ഫോറം 10ൽ സാക്ഷ്യപ്പെടുത്തേണ്ടത് റീജനൽ കാൻസർ സെൻറർ എന്ന് രേഖപ്പെടുത്തിയതിനാൽ അവിടെനിന്നാണ് സർട്ടിഫിക്കറ്റ് വേണ്ടെതന്നും ചില താലൂക്കുകളിലെ തഹസിൽദാർമാർ നിഷ്കർഷിച്ചത് വടക്കൻ ജില്ലകളിൽ നിന്നുള്ള അർബുദ രോഗികൾക്ക് ഏറെ പ്രയാസമുണ്ടാക്കി. അപേക്ഷയിൽ പറയുന്നതനുസരിച്ച് തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻറർ അധികൃതരെ സമീപിച്ച് സർട്ടിഫിക്കറ്റ് തരപ്പെടുത്തൽ മറ്റു ജില്ലക്കാർക്ക് അപ്രാപ്യമായി.
ഫോറം 10ലെ മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റിൽ റീജനൽ കാൻസർ സെൻറർ എന്നുള്ളതിനാൽ മറ്റ് അർബുദ ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽനിന്ന് സാധിക്കുന്നില്ലെന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം പി. രാജൻ ആരോഗ്യ കുടുംബ ക്ഷേമ അധികൃതർക്ക് അപേക്ഷ നൽകി. ഈ അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാറിെൻറ പുതിയ ഉത്തരവ് വന്നത്. ഇതനുസരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റിൽ അർബുദത്തിന് ചികിത്സ തേടിയ ആശുപത്രിയുടെ പേര് കൃത്യമായി ഉൾപ്പെടുത്താനും സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തിരുവനന്തപുരം റീജനൽ കാൻസർ സെൻററിന് പുറമെ മലബാർ കാൻസർ സെൻറർ, കൊച്ചി കാൻസർ സെൻറർ, മെഡിക്കൽ കോളജുകളിലെ രജ്സ്ട്രേഡ് ഓങ്കോളജിസ്റ്റുകൾ എന്നിവർക്ക് നൽകാനും ഉത്തരവായി. കഴിഞ്ഞ ഫെബ്രുവരി 22ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻറർ അധികൃതർക്ക് മാത്രം നൽകിയത് വീതിച്ചുകൊണ്ടുള്ള ഈ ഉത്തരവ് കൊച്ചി മുതൽ വടക്കുള്ള ജില്ലക്കാർക്ക് ഏറെ പ്രയോജനകരമാണ്.
എന്നാൽ, നേരത്തെ പഞ്ചായത്തിലെ മെഡിക്കൽ ഓഫിസർ നൽകിയാലും അത് സ്വീകാര്യമായിരുന്നത് ഇപ്പോൾ മറിച്ചായി. ഓരോ മാസവും വിവിധ താലൂക്ക് ആസ്ഥാനത്തെത്തുന്ന പെൻഷൻ അപേക്ഷകർ നൂറുകണക്കിനാണ്. സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയതു പോലെ മെഡിക്കൽ കോളജുകളിലെ രജിസ്ട്രേഡ് ഓങ്കോളജിസ്റ്റുകളിൽ നിന്ന് സർട്ടിഫിക്കറ്റിൽ സാക്ഷപ്പെടുത്തി കിട്ടണമെങ്കിൽ ഏറെ പ്രയാസം സഹിക്കണം. സമൂഹത്തിൽ ഏറെ ദുരിതം സഹിക്കുന്ന നിർധനരാണ് സർക്കാറിൽ നിന്ന് പെൻഷൻ തേടുന്നവരിലേറെയും. സർട്ടിഫിക്കറ്റുകൾക്കായി ഏറദൂരം യാത്രചെയ്യേണ്ട ഗതികേടിലാണിവർ. നേരത്തെ അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാർ വഴി നൽകിയത് പോലെ തുടർന്നും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.