2006 ജനുവരിക്കും 2009 ജൂണിനുമിടയിൽ വിരമിച്ച കോളജ് അധ്യാപകർക്ക് വർധിപ്പിച്ച പെൻഷന് അർഹത -ഹൈകോടതി
text_fieldsകൊച്ചി: 2006 ജനുവരി ഒന്നിനും 2009 ജൂൺ 30നും ഇടയിൽ വിരമിച്ച കോളജ് അധ്യാപകർക്ക് വർധിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈകോടതി. നാലാഴ്ചക്കകം പുതുക്കിയ പെൻഷനും ഇതുവരെയുള്ള കുടിശ്ശികയും നൽകണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച സമാന ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹരജി ഡിവിഷൻബെഞ്ച് തള്ളി.
യു.ജി.സി സ്കെയിൽ പ്രകാരം ശമ്പളം വാങ്ങുന്ന സർവകലാശാല, കോളജ് അധ്യാപകർക്ക് 2006 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ 2011ൽ ഉത്തരവിറക്കിയെങ്കിലും വിരമിച്ചവരുടെ കാര്യത്തിൽ 2009 ജൂലൈ മുതൽ മാത്രമാണ് പെൻഷൻ പരിഷ്കരിച്ച് മുൻകാല പ്രാബല്യം അനുവദിച്ചത്. മറ്റ് സർക്കാർ ജീവനക്കാർക്ക് പെൻഷൻ പരിഷ്കരിച്ചതിനനുസരിച്ചാണ് ഈ നടപടിയെടുത്തത്. ഇതുമൂലം 2006 ജനുവരി ഒന്നിനും 2009 ജൂൺ 30നും ഇടയിൽ വിരമിച്ച കോളജ് അധ്യാപകർക്ക് പരിഷ്കരിച്ച പെൻഷൻ തുക ലഭിച്ചില്ല. ഇത് ചോദ്യംചെയ്ത് നൽകിയ ഹരജിയിൽ കുടിശ്ശികയടക്കം പരിഷ്കരിച്ച പെൻഷൻ തുക നൽകാൻ കെ.എ.ടി ഉത്തരവിട്ടു. ഇത് ചോദ്യംചെയ്താണ് സർക്കാർ കോടതിയെ സമീപിച്ചത്. ഈ കാലയളവിൽ വിരമിച്ച രണ്ട് അധ്യാപകരുടെ ഹരജിയും ഇതോടൊപ്പം ഡിവിഷൻബെഞ്ച് പരിഗണിച്ചു.
യു.ജി.സി പെൻഷൻകാർക്ക് നൽകാൻ കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും സംസ്ഥാന സർക്കാറിന്‍റെ ഖജനാവിൽനിന്നാണ് നൽകുന്നതെന്നുമായിരുന്നു സർക്കാർ വാദം. അതിനാൽ, പെൻഷൻ റിവിഷൻ സംബന്ധിച്ച തീരുമാനം സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. സർക്കാർ തീരുമാനിക്കുന്ന പെൻഷൻ റിവിഷൻ സ്കീം അടിസ്ഥാനത്തിലാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവൂവെന്നും ട്രൈബ്യൂണലിന് ഇടപെടാനാവില്ലെന്നുമായിരുന്നു സർക്കാർ ചൂണ്ടിക്കാട്ടിയത്.
കേരള സർവിസ് റൂൾസ് പ്രകാരം പെൻഷൻ നിശ്ചയിക്കുന്നത് അവസാനം വാങ്ങുന്ന പത്ത് മാസത്തെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2006 ജനുവരി മുതൽ ശമ്പള പരിഷ്കരണത്തിന് മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷം വിരമിച്ചവർക്ക് സർവിസിലുണ്ടാകുമായിരുന്നെങ്കിൽ പെൻഷൻ ലഭിക്കുന്നത് പുതുക്കിയ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. അതിനാൽ, 2006നും അതിനുശേഷവും വിരമിച്ചവർക്കും പരിഷ്കരിച്ച തുക നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2009 വരെ മുൻകാല പ്രാബല്യം നീട്ടൽ സാധ്യമല്ല. ഇത് കെ.എസ്.ആറിലെ പാർട്ട് മൂന്നിന്‍റെ ലംഘനവുമാകും. യു.ജി.സി ചട്ടങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള പേ സ്കെയിലും മറ്റും കേരള സർക്കാർ അംഗീകരിച്ച് നടപ്പാക്കിയിട്ടുള്ളതാണ്. അതിനാൽ, കെ.എ.ടി ഉത്തരവ് പ്രകാരമുള്ള തുകയും കുടിശ്ശികയും നാലാഴ്ചക്കകം നൽകണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.