മരിച്ചവർക്കും പെൻഷൻ: കരുനാഗപ്പള്ളി സബ് ട്രഷറിയിൽ 14.02 ലക്ഷം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മരിച്ചവർക്കും പെൻഷൻ നൽകിയ കരുനാഗപ്പള്ളി സബ് ട്രഷറിയിൽ 14.02 ലക്ഷം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. കരുനാഗപ്പള്ളി സബ് ട്രഷറിയിൽ 2022-23 സാമ്പത്തിക വർഷം പെൻഷണർ മരണപ്പെട്ടതിനുശേഷം, പെൻഷൻ അനുവദിച്ച 58 കേസുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 14,02,187 രൂപ തിരികെ ഈടാക്കണമെന്നാണ് റിപ്പോട്ടിലെ ശിപാർശ.
ഈ തുക തിരികെ ഈടാക്കുന്നതിനായി റവന്യൂ റിക്കവറി നടപടികൾ ഉൾപ്പടെ സ്വീകരിക്കണം. ഇതിൽ തിരികെ ഈടാക്കാനാകാത്ത തുകകൾ ഈ പെൻഷൻ തുക അനുവദിച്ചു നൽകിയ സബ് ട്രഷറി ഓഫീസറുടെ ബാധ്യതയായി കണക്കാക്കി സർക്കാരിലേക്ക് ഈടാക്കണമെന്നും ശിപാർശചെയ്തു.
പെൻഷനർമാർ മസ്റ്ററിങ് മുടക്കിയതിനു ശേഷവും പെൻഷൻ അനുവദിക്കുകയും അതുമൂലം മരണപ്പെട്ടുപോയ പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് പതിനാലു ലക്ഷത്തിലധികം രൂപ റിലീസ് ചെയ്യാനുമിടയായത് സബ് ട്രഷറി അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഗുരുതര വീഴ്‌ചയാണ്. ഇത് സംബന്ധിച്ചു ഉത്തരവാദിയായ കരുനാഗപ്പള്ളി സബ് ട്രഷറി ഓഫീസർക്കെതിരെ ഉചിതമായ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണം.
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകുന്നതിനായി സഹകരണ ബാങ്കുകൾ ആരംഭിച്ച എസ്.എസ്.പി.എ അക്കൗണ്ടുകളിലെ നീക്കിയിരിപ്പ് തുക ഗുണഭോക്താക്കൾക്ക് എത്രയും വേഗം നൽകുവാനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്‌തശേഷം അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക സർക്കാരിലേക്ക് അടവാക്കുന്നതിനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം.
കരുനാഗപ്പള്ളി സബ് ട്രഷറിയിൽ മുദ്രപ്പത്രത്തിൻറെ സ്റ്റോക്ക് സംബന്ധിച്ച് പരിശോധിച്ചതിൽ ട്രഷറി സ്റ്റോക്ക് രജിസ്റ്ററിലെ നീക്കിയിരുപ്പും സി.ആർ.എ റിപ്പോർട്ട് പ്രകാരമുള്ള നീക്കിയിരുപ്പം തമ്മിൽ വലിയ വ്യത്യാസമുള്ളതായി പരിശോധനയിൽ കണ്ടെത്തി. അതിനാൽ സി.ആർ.എ സോഫ്റ്റ്വെയറിലെ അപാകതകൾ സംബന്ധിച്ച് പരിശോധനകൾ നടത്തി അത് പരിഹരിക്കുന്നതിനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
കരുനാഗപ്പള്ളി സബ് ട്രഷറിയിൽ മസ്റ്ററിങ് ഡ്യൂ ഡേറ്റിനു ശേഷവും വർഷങ്ങളായി പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ വർഷങ്ങളായി ഇടപാടുകൾ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ പെൻഷനേഴ്‌സ് ജീവിച്ചിരുപ്പുണ്ടായെന്ന് ഉറപ്പുവരുത്തണം. മരിച്ച പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് അധികമായി അനുവദിച്ച പെൻഷൻ തുക കണ്ടെത്തി തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണെന്നാണ് ധനകാര്യ പരിശോധന റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.