പ്രതിസന്ധിക്കിടയിലും വിഷുവിന് പെൻഷൻ
text_fieldsകണ്ണൂർ: കറൻസി പരിഷ്കരണ പ്രതിസന്ധിക്കിടയിലും സാമൂഹിക സുരക്ഷ പെൻഷൻ ഇൗമാസം വിതരണം ചെയ്യാൻ തീരുമാനിച്ച സംസ്ഥാനസർക്കാർ റിസർവ് ബാങ്ക് ശാസനക്ക് വിധേയമായി നിർവഹണരീതി ഭേദഗതി ചെയ്തു. കഴിഞ്ഞതവണ വിവിധ പെൻഷനുകളുടെ അഞ്ചു വ്യത്യസ്ത കറൻറ് അക്കൗണ്ടുകൾ തുറന്ന് സജീവ വിനിമയകേന്ദ്രമായിരുന്ന ജില്ല ബാങ്കുകൾക്ക് ഇത്തവണത്തെ പെൻഷൻവിഹിതം നൽകിയില്ല. പകരം, വെള്ളയമ്പലം സബ്ട്രഷറിയിൽ പെൻഷൻ പദ്ധതിയുടെ പേരിൽ തുടങ്ങിയ കേന്ദ്രീകൃത അക്കൗണ്ടിൽനിന്ന് ജില്ല ട്രഷറിവഴി അതത് ജില്ല ജോയൻറ് രജിസ്ട്രാർമാരാണ് പ്രാഥമിക സംഘങ്ങളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുക.
കറൻസി പരിഷ്കരണത്തെ തുടർന്ന് സർക്കാർ ധനവിനിമയത്തിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കുന്നതിെൻറ ഭാഗമാണീ മാറ്റം. 37,02,753 പേര്‍ക്കായി 1114 കോടി രൂപയാണ് സാമൂഹികസുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്യുന്നത്.2016 ഒാണം, ക്രിസ്മസ് കാലയളവിലെ വിതരണ വിഹിതത്തിെൻറ തിരിച്ചടവും ഡാറ്റ എൻട്രിയും വരുത്താതിരുന്ന സംഘങ്ങളെ ഇത്തവണ പെൻഷൻവിതരണ ചുമതലയിൽനിന്ന് ഒഴിവാക്കുന്ന ‘സസ്പെൻഷൻ ശിക്ഷ’യും ഉണ്ടാകും. കഴിഞ്ഞതവണത്തെ പെൻഷൻ വിതരണത്തിെൻറ ബാക്കി തുകയും കണക്കും സാമ്പത്തിക വർഷാവസാനമായിട്ടും നൽകാതിരുന്നപ്പോൾ അന്ത്യശാസന ഉത്തരവ് നൽകിയാണ് ജില്ല ബാങ്കുകളിൽനിന്ന് അവ ശേഖരിച്ചത്.
ജില്ല ബാങ്കിനെ പെൻഷൻ സാമ്പത്തികവിനിമയ ചുമതലയിൽനിന്ന് ഒഴിവാക്കുന്ന പെൻഷൻവിതരണം സംബന്ധിച്ച് നിയമഭേദഗതി സർക്കുലർ സംസ്ഥാന സഹകരണ രജിസ്ട്രാർ പുറത്തിറക്കി. ഇടതുസർക്കാറിെൻറ ഏറ്റവും ബൃഹത്തായ പദ്ധതിയായി കഴിഞ്ഞ ഒാണത്തിന് പെൻഷൻ വീടുകളിലെത്തിച്ച് മാതൃകകാണിച്ച സഹകരണ സംഘങ്ങൾതന്നെയാണ് ഇത്തവണയും ചുമതല നിർവഹിക്കുക. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനാണ് ഇത്തവണ വിഷുവിനുമുമ്പ് നൽകുന്നത്. വിഷുവിനും ഈസ്റ്ററിനും മുമ്പേ അര്‍ഹരായ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.