സാംസ്കാരിക സ്ഥാപനങ്ങളിൽ പെൻഷൻ മുടങ്ങിയിട്ട് രണ്ടു മാസം
text_fieldsതിരുവനന്തപുരം: സാംസ്കാരിക സ്ഥാപനങ്ങളിലെ മുൻ ജീവനക്കാർക്ക് രണ്ടു മാസമായി പെൻഷൻ ഇല്ല. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് പെൻഷൻ മുടങ്ങിയത്. ഇത്രയും കാലത്തിനിടെ പെൻഷൻ മുടങ്ങുന്നത് ആദ്യമാണെന്നു ജീവനക്കാർ പറയുന്നു.
10 സ്ഥാപനങ്ങളിലായി 360 ഓളം പേരാണ് പെൻഷൻ പദ്ധതിയിലുള്ളത്. മിക്കവരും 70ലേറെ പ്രായമുള്ളവരും രോഗികളുമാണ്. പെൻഷൻ മുടങ്ങിയത് ചികിത്സയെ ഉൾപ്പെടെ ബാധിച്ചു. 2000ത്തിൽ തുടങ്ങുമ്പോൾ ഏഴു സ്ഥാപനങ്ങളിലായി 320 ജീവനക്കാരാണ് പെൻഷൻ പദ്ധതിയിലുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് വാസ്തുവിദ്യാ ഗുരുകുലം, ഭാരത് ഭവൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നീ സ്ഥാപനങ്ങളെ കൂടി ഇതിലേക്ക് ചേർത്തു. അഞ്ചാം തീയതിക്കുള്ളിൽ കിട്ടിക്കൊണ്ടിരുന്ന പെൻഷൻ അഞ്ചു മാസമായി മാസാവസാനമാണ് ലഭിച്ചത്.
മാർച്ചിൽ അതും ഇല്ലാതായി. സാംസ്കാരിക വകുപ്പിനു കീഴിലുള്ള കൾചറൽ ഡയറക്ടറേറ്റിനാണ് പെൻഷന്റെ ചുമതല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണു വിവരം. പ്രതിവർഷം 10 കോടി രൂപ ഇതിനായി ബജറ്റിൽ നീക്കി വെക്കാറുണ്ട്. അതിൽനിന്ന് ഗഡുക്കളായി കിട്ടുന്ന തുക ഉപയോഗിച്ചാണ് പെൻഷൻ നൽകുന്നത്. പദ്ധതിയിൽ ആശ്രിത പെൻഷൻ വ്യവസ്ഥ ഇല്ല. പെൻഷൻ മുടങ്ങുന്നതിനെതിരെ ഓൾ കേരള കൾചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് പെൻഷനേഴ്സ് കോൺഗ്രസ് നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. വ്യാഴാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന കൂട്ട സത്യഗ്രഹം കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.