കോട്ടയം നഗരസഭയിൽ പെൻഷൻ രജിസ്റ്റർ കാണാനില്ല
text_fieldsകോട്ടയം: നഗരസഭയിൽ അഞ്ചുവർഷത്തെ പെൻഷൻ രജിസ്റ്റർ കാണാനില്ല. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. അഞ്ചുവർഷത്തെ വരെ പെൻഷൻ രജിസ്റ്റർ ഇല്ലെന്നാണ് നിലവിൽ കണ്ടെത്തിയത്. എന്നാൽ, 2012 മുതൽ രജിസ്റ്റർ ഇല്ലെന്നാണ് അനൗദ്യോഗിക വിവരം. അതുകൊണ്ടാണ് പെൻഷൻ ഫണ്ടിൽനിന്ന് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി പറയാൻ നഗരസഭ അധികൃതർക്ക് കഴിയാത്തത്.
കൃത്യമായി പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ 90 ശതമാനവും ലഭ്യമാണ്. എന്നാൽ, കണ്ടിൻജന്‍റ്, ഫാമിലി പെൻഷൻ എന്നിവ സംബന്ധിച്ച ഒരു രേഖയുമില്ല. പെൻഷൻ വിഭാഗത്തിൽ നേരത്തേ മുതൽ കൃത്രിമം നടന്നിരുന്നെന്നും കാലാകാലങ്ങളിൽ ഫയലുകൾ മുക്കിയെന്നുമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ക്ലർക്ക് അഖിൽ സി. വർഗീസ് നടത്തിയ തട്ടിപ്പ് ഇതിന്‍റെ തുടർച്ച മാത്രമാണ്. സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ വിവരങ്ങൾ പുറത്തുവരൂ. നഷ്ടപ്പെട്ടത് 2.5 കോടിയെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. അതിലേറെ വരുമെന്ന് അധികൃതർതന്നെ വ്യക്തമാക്കുന്നു.
അവസാന വഴി എന്ന നിലയിൽ അഞ്ചുവർഷം ബാങ്കുകളിലേക്ക് പെൻഷൻ ഫണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്ത തുകയുടെ സ്റ്റേറ്റ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുകയാണ്. എത്രപേർ പെൻഷൻ വാങ്ങുന്നു, അനധികൃതമായി പെൻഷൻ വാങ്ങുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാൻ വഴിയില്ല. സെക്രട്ടറിയുടെ പി.എക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.