കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പെന്ഷന് മുടങ്ങി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പെന്ഷന് വിതരണം മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്കിക്കഴിഞ്ഞതോടെയാണ് പെൻഷൻ മുടങ്ങിയത്.
കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് വകയിരുത്തിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വരുമാന നഷ്ടമുണ്ടായതോടെ ശമ്പളവിതരണത്തിന് പൂര്‍ണമായും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.
ശമ്പള പരിഷ്കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം 1500 രൂപ ഇടക്കാലാശ്വാസം നല്‍കുന്നുണ്ട്. മൂന്ന് ഡി.എ കുടിശ്ശിക കഴിഞ്ഞ മാസത്തെ ശമ്പളത്തോടൊപ്പം നല്കി. ഇതിനുള്ള അധിക തുകയും സര്‍ക്കാര്‍ സഹായത്തില്‍ നിന്നെടുത്തു.
സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്ഷന് നല്‍കുന്നത്. ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നാണ് വ്യവസ്ഥ. ബജറ്റ് വിഹിതം പൂര്‍ണമായും നല്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ മാസം പെന്ഷന് തുക സഹകരണ ബാങ്കുകള്‍ക്ക് നല്കാന് സര്‍ക്കാറിന് കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു.
അതിനിടെ പെൻഷൻ പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പെൻഷൻകാരുടെ പ്രതിഷേധം തിരിച്ചടിയാകുമോയെന്ന ആശങ്കയും സർക്കാറിനുണ്ട്.
വിവിധ വകുപ്പുകളിലെ ബജറ്റ് വിഹിത വിനിയോഗം പരിശോധിച്ച്, നീക്കിയിരിപ്പുള്ള തുക കെ.എസ്.ആർ.ടി.സി പെൻഷനു വേണ്ടി സഹകരണ ബാങ്കുകള്‍ക്ക് കൈമാറാനാണ് നീക്കം.
അടുത്ത നാലു ദിവസങ്ങളിൽ അവധിയും ബാങ്ക് പണിമുടക്കും കണക്കിലെടുക്കുമ്പോള്‍ ഇൗ നടപടിയും വൈകും. പെന്‍ഷന്‍കാരുടെ സംഘടനയും കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.