ഭരണത്തിന്റെ സ്വാദ് ശരിയായി അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണമെന്നും ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമൻസ് കോളജിൽ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേഗക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം.
വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫിസുകളിലും മേഖലകളിലുമുണ്ട്. ഇത്തരം രീതികളിൽ കർക്കശ നിലപാട് സ്വീകരിക്കും. ജനങ്ങളുടെ ദാസന്മാരായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓർമപ്പെടുത്തിയത്. ജനങ്ങൾക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ അറിഞ്ഞുപോയാൽ സർക്കാറിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. നെഗറ്റിവ് ചിന്തയും നിഷേധാത്മക നിലപാടും വളർത്തിക്കൊണ്ടുവരുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ, ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിധിയെഴുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളം വില്ലേജിലെ ഷൈലജക്ക് കരമടയ്ക്കാൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പർ ബേബിയുടെ മകൻ ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ്, താഹിറ ബീവിക്ക് ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാർഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി. മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, എം.എൽ.എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, അഡ്വ. വി.കെ. പ്രശാന്ത്, അഡ്വ. വി. ജോയ്, അഡ്വ. വി. ശശി, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.