'നാടും ജനങ്ങളും സർക്കാറിനെ ശരിവെക്കും'; പ്രതിപക്ഷത്തെ ജനമധ്യത്തിൽ കാണുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ അധാർമികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ജനമധ്യത്തിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അവിശ്വാസപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനങ്ങളും അവരുടെ വിശ്വാസവുമാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങളെ ജനങ്ങൾക്കറിയാം. പ്രതിപക്ഷത്തെയും ജനങ്ങൾക്കറിയാം. അവരെ ജനങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ജനങ്ങളും നാടും ഞങ്ങളെ ശരിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അധികാരസ്ഥാനങ്ങളെയും ഭരണാധികാരികളെയും വരെ ചേർത്തുനിർത്താൻ സംഘടിത ശ്രമം നടക്കുന്നു. ഇത് യാദൃശ്ചികമല്ല. ഒരു ആഗോള പരീക്ഷണത്തിെൻറ ഭാഗമാണ്. വ്യാജ വിവരങ്ങൾ വ്യാവസായികമായി ഉൽപാദിപ്പിച്ച് പൊതുജനാഭിപ്രായത്തെ ദുഷിച്ച വഴികളിൽ തിരിച്ചുവിട്ട് ജനാധിപത്യത്തെതന്നെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പല ലോകരാജ്യങ്ങളിലും നാം കണ്ടു. സത്യവും അസത്യവും തമ്മിലുള്ള അതിർത്തിരേഖ മായ്ച്ചുകളയുക എന്നതാണ് ഇതിെൻറ ആദ്യപടി.
സത്യമാണെന്ന പ്രതീതിയുണ്ടാകും വരെ അസത്യം ആവർത്തിക്കുകയാണ് അടുത്ത പടി. ചില മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും ഉപയോഗിച്ച് അസത്യം പലതവണ ആവർത്തിക്കുകയാണ്. ഇവൻറ് മാനേജ്മെൻറുകളെതന്നെ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം ശക്തികളുടെ പണം പറ്റുന്ന ഏജൻറുമാർ ലോകത്തിെൻറ എല്ലാ ഭാഗത്തുമുണ്ട്. കേരളത്തിനും അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ല.
സത്യങ്ങളെ എത്ര സമർഥമായാണ് ഇൗ പ്രചാരകർ അസത്യത്തിെൻറ കരിമ്പടം പുതപ്പിക്കുന്നത്. കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയമുയർന്നപ്പോൾ സംസ്ഥാന സർക്കാറാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. പ്രധാനമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടു. ഇതെല്ലാം മറച്ചുവെച്ചുള്ള പ്രചാരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഒാഫിസിനെ അപകീർത്തിപ്പെടുത്താൻ നടത്തിയത്.
കോൺഗ്രസിന് അധികാര ഭ്രാന്ത് മൂത്ത് കണ്ണുകാണാൻ കഴിയുന്നില്ല. ആ അധികാരക്കൊതിയാണ് ഇപ്പോഴത്തെ അവിശ്വാസത്തിലേക്ക് നയിച്ചത്. അധികാരക്കൊതി മൂത്ത കോൺഗ്രസ് ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. അതേ തകർച്ചയാണ് കേരളത്തിലും കാത്തിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായി കോൺഗ്രസ് ഉണ്ടാകുമോയെന്ന് ഉറപ്പുണ്ടോ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആയി മാറി. എ ടീം ഉള്ളപ്പോൾ ബി ടീം വേണ്ടല്ലോ. ബി.ജെ.പിയുമായി ചേർന്ന് നിൽക്കാൻ കോൺഗ്രസിന് പ്രേത്യക മമതയുണ്ട്. ഇതിൽ കോൺഗ്രസിനും മുസ്ലിംലീഗിനും പാരസ്പര്യമുണ്ട്.
കേരളത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ് ഫോറം ഉയർന്നുവരുന്നുണ്ട്. ലീഗിൽ ജമാഅത്തെ ഇസ്ലാമി വകയുള്ള ഇസ്ലാമികവത്കരണമാണ് നടക്കുന്നത്. കോൺഗ്രസിൽ ആർ.എസ്.എസ് വക ഹിന്ദുത്വവത്കരണവും. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദം ലീഗിനെ ഹൈജാക് ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വവാദം കോൺഗ്രസിനെ ഹൈജാക് ചെയ്തു.
പുകമറ സൃഷ്ടിച്ച് സർക്കാറിെൻറ വിശ്വാസ്യത തകർക്കാനാണ് ശ്രമിക്കുന്നത്. നീരാറാഡിയമാരെ അധികാരത്തിെൻറ ഇടനാഴികകളിൽ മാത്രമല്ല, മന്ത്രിമാരെവരെ പന്താടിക്കളിക്കാൻപോലും അനുവദിച്ച കോൺഗ്രസ് ഇൗ സഭയിൽ വന്ന് ഞങ്ങളോട് ധാർമികത ഉപദേശിക്കേണ്ടതില്ല. ഞങ്ങൾ ഇത്തരം കഥാപാത്രങ്ങളെയൊന്നും ഭരണത്തിൽ ഇടപെടാൻ അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.