പാമ്പുപിടിത്തക്കാരെ തേടി ജനം 'സർപ്പ' ആപ്പിൽ
text_fieldsതൃശൂർ: പാമ്പുകളും പാമ്പുകടിയും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ജില്ലയിലെ ഔദ്യോഗിക പാമ്പുപിടിത്തക്കാരെ തേടി നാട്ടുകാർ. ജില്ലയിൽ ഫോറസ്റ്റ് വകുപ്പിന് കീഴിൽ പരിശീലനം നേടിയ 85 പാമ്പുപിടിത്ത വിദഗ്ധരാണുള്ളത്. ഇതിൽ 40 പേർ ഫോറസ്റ്റ് ജീവനക്കാരും 45 പേർ സന്നദ്ധ പ്രവർത്തകരുമാണ്.
വനംവകുപ്പ് തയാറാക്കിയ സർപ്പ (സ്നേക്ക് അവയർനസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷൻ ആപ്) മൊബൈൽ ആപ് വഴിയാണ് തൊട്ടടുത്ത പാമ്പുപിടിത്തക്കാരെ ബന്ധപ്പെടേണ്ടത്. വാവ സുരേഷ് ആശുപത്രിയിലെത്തിയ സംഭവം ചർച്ചയായപ്പോഴാണ് പലരും ഔദ്യോഗിക പാമ്പുപിടിത്തക്കാരെക്കുറിച്ച് അറിഞ്ഞത്. ഇതോടെ സർപ്പ ആപ് സന്ദർശിക്കുന്നവർ കൂടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ പരിശീലനം തേടി സ്ത്രീകൾ എത്തിയിരുന്നെങ്കിലും ഒരൊറ്റ ആൾക്ക് പോലും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പാമ്പുപിടിത്ത സർട്ടിഫിക്കറ്റ് ലഭിച്ച പലർക്കും ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. മുഴുവൻ പാമ്പുരക്ഷ പ്രവർത്തനവും സർപ്പ ആപ് വഴി വേണമെന്ന നിർദേശവും എത്തിയിരുന്നു. 2020 ആഗസ്റ്റിലായിരുന്നു ഇവർക്ക് ഫോറസ്റ്റ് വകുപ്പ് അധികൃതർ ഏകദിന പരിശീലനം നൽകിയത്.
പരിശീലനത്തിന് എത്തിയവരിലേറെയും വിദ്യാർഥികളും ആയിരുന്നു. വനംവകുപ്പ് ജീവനക്കാർ ഒഴികെ പാമ്പുപിടിത്തത്തിൽ പരിചയമുള്ള സന്നദ്ധ പ്രവർത്തകർക്കും ആത്മവിശ്വാസം പ്രകടിപ്പിച്ചവർക്കുമാണ് സർട്ടിഫിക്കറ്റ് നൽകിയത്.മൂർഖൻ, വെള്ളിക്കെട്ടൻ, അണലി എന്നീ വിഷപ്പാമ്പുകളാണ് നാട്ടിൽപുറങ്ങളിൽ കൂടുതലായി കണ്ടുവരുന്നത്. സർക്കാർ അംഗീകരിച്ച പാമ്പുപിടിത്തക്കാർ ഹുക്ക്, പൈപ്പ് കഷണം, ത്രികോണ നിർമിതി ഉൾപ്പെടുന്ന പാമ്പുപിടിത്ത കിറ്റുമായാണ് പാമ്പുപിടിത്തത്തിന് എത്താറ്. പാമ്പ് തിരിഞ്ഞു കടിക്കാതിരിക്കാൻ അതിന്റെ കഴുത്ത് ഭാഗത്ത് അല്ലെങ്കിൽ ശരീരത്തിന്റെ മധ്യഭാഗത്തോട് ചേർന്ന് താങ്ങ് കൊടുക്കാനാണ് അറ്റം വളഞ്ഞ വലിയ ഹുക്ക് ഉപയോഗിക്കുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ പാമ്പിന്റെ കടിയിൽനിന്ന് രക്ഷനേടാമെന്നതിലുപരി പാമ്പിന് തൂക്കി ഉയർത്തുമ്പോഴുണ്ടാകാവുന്ന ശരീരവേദനയോ പരിക്കുകളോ സംഭവിക്കുകയുമില്ല. സഞ്ചിയെ മാളം പോലെയാക്കി അതിലേക്ക് പാമ്പിനെ കടത്തിക്കാനാണ് പൈപ്പ് കഷണവും ത്രികോണ ഫ്രെയിമും. 2700 രൂപയാണ് ഈ പാമ്പുരക്ഷ ഉപകരണങ്ങൾക്ക് ഉള്ളത്.
പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക, കൃത്യമായ സുരക്ഷ ഉപകരണങ്ങൾ ഒഴിവാക്കി മനഃപൂർവമായി അപകടകരമായ റെസ്ക്യൂ ചെയ്യുക എന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ വനംവകുപ്പിന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.