ഗ്രാമവാസികൾ കൈകോർത്തു; കുമാരനും കല്ലുവിനും വീടൊരുങ്ങുന്നു
text_fieldsപെരുമ്പിലാവ്: ഗ്രാമവാസികളുടെ പരിശ്രമത്തിൽ കുമാരനും ഭാര്യ കല്ലുവിനും അന്തിയുറങ്ങാൻ സ്വന്തമായി വീടൊരുങ്ങുന്നു. ചാലിശ്ശേരി പെരുമണ്ണൂർ ഗ്രാമവാസികളാണ് ഈ ദമ്പതികൾക്ക് വീട് നിർമിച്ച് നൽകുന്നത്.
പതിനൊന്നാം വാർഡ് പെരുമണ്ണൂരിൽ എരാളത്ത് കുമാരൻ - കല്ലു ദമ്പതികൾക്കാണ് നാട്ടുകാരുടെ കൂട്ടായ്‌മയിൽ 450 സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിക്കുന്നത്.
വർഷകളായി മിഠായി കമ്പനിയുടെ ചായ്പ്പിലാണ് ഇവർ വാടകക്ക് കഴിയുന്നത്. മക്കളില്ലാത്ത ഇവർക്ക് വാർധക്യവും മറ്റു രോഗങ്ങളും പിടിപ്പെട്ടതോടെ കൂലിപ്പണി ചെയ്യുവാൻ പോലും കഴിയാത്ത അവസ്ഥയായി. ഇവരുടെ അവസ്ഥ മനസിലാക്കിയ നാട്ടുകാർ പ്രതിഫലം വാങ്ങാതെ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
മോഹനൻ കടവാരത്ത്, വിനോദ് വട്ടേക്കാട് എന്നിവരുടെ നേതൃത്വത്തിൽ ദിവസകൂലിക്ക് പോയിരുന്ന നാട്ടിലെ യുവാക്കൾ ചേർന്നാണ് പ്രതിഫലം വാങ്ങാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. സുമനസ്സുകളായ വ്യക്തികളെ കൊണ്ട് നിർമ്മാണ സാമഗ്രികൾ സംഭാവനയായി സ്വീകരിച്ചാണ് ഇതുവരെയുള്ള പണികൾ നടത്തിയത്.
വീടിന്‍റെ കോൺക്രീറ്റ് ഞായറാഴ്ച വൈകീട്ടോടെ പൂർത്തിയാക്കി. നന്മയുള്ള ഹൃദയത്തിന്‍റെ ഉടമകളാവുകയാണ് ഈ ദമ്പതികൾക്ക് കിടപ്പാടം നിർമ്മിച്ച് നൽകുന്ന ഈ നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.