ദിലീപിന് വഴിനീളെ കൂക്കിവിളി
text_fieldsഅങ്കമാലി /മൂവാറ്റുപുഴ: ആഴ്ചകൾക്ക് മുമ്പുവരെ ജനപ്രിയ നടനെ കാണാനും കൈയടിക്കാനും കാത്തുനിന്നവർ ഇപ്പോൾ വരവേൽക്കുന്നത് കൂക്കിവിളിയും അസഭ്യവർഷവുമായി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ അണപൊട്ടിയ ജനരോഷം മൂന്നാം ദിവസവും തുടർന്നു. ബുധനാഴ്ച കോടതി പരിസരത്തും തെളിവെടുപ്പിനെത്തിച്ച സ്ഥലങ്ങളിലും ആക്രോശവും അസഭ്യവർഷവുമായാണ് ജനക്കൂട്ടം ദിലീപിനെ എതിരേറ്റത്.
ബുധനാഴ്ച രാവിലെ ദിലീപിനെ അങ്കമാലി കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ നേരത്തേതന്നെ കോടതി പരിസരത്തും വഴിയോരങ്ങളിലും സമീപത്തെ കെട്ടിടങ്ങൾക്കു മുകളിലും തടിച്ചുകൂടിയിരുന്നു. കോടതിയുടെ കിഴക്കുവശത്തെ വിജനമായ പറമ്പും നിമിഷങ്ങൾക്കകം ജനനിബിഡമായി. രാവിലെ 10.15ന് ദിലീപുമായി പൊലീസ് വാഹനം കോടതിക്കു മുന്നിലെത്തിയതോടെ രോഷാകുലരായ ജനം തെറിവിളിയും മുദ്രാവാക്യങ്ങളുമായി ആർത്തിരമ്പി.
ദിലീപിെൻറ അടുത്തേക്കെത്താൻ ശ്രമിച്ചവരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൂക്കിവിളിച്ച് ചുറ്റും കൂടിയവർക്കുനേരെ കൈവീശി ചിരിക്കാൻ ശ്രമിച്ച് നിർവികാരനായി ദിലീപ് നീങ്ങി. ഇതോടെ, കൂകലിന് ശക്തി കൂടി. ഉയരമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മറപറ്റി കുനിഞ്ഞാണ് നടൻ കോടതിയിലേക്ക് കയറിയത്. കോടതിക്കകത്ത് മജിസ്ട്രേറ്റിെൻറ ഇരിപ്പിടത്തിന് ഇടതു വശം ഭിത്തിയുടെ മൂലയിൽ ഒതുങ്ങിക്കൂടി. ദിലീപിെൻറ അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ, ദിലീപിെൻറ സഹോദരൻ അനൂപ് എന്നിവർ കോടതിയിൽ എത്തിയപ്പോഴും ജനം കൂക്കിവിളിച്ചു.
‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന തൊടുപുഴ ശാന്തിഗിരി കോളജിലേക്ക് കൊണ്ടുപോയ ദിലീപിനെ വഴിനീളെ കരിങ്കൊടിയും കൂക്കുവിളിയും അസഭ്യവർഷവുമായാണ് ജനം സ്വീകരിച്ചത്. തിരികെ കൊണ്ടുവരുേമ്പാൾ മൂവാറ്റുപുഴ നിർമല കോളജ് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് നടനെ പാവാട കാണിച്ചു. മടക്കത്താനം, വാഴക്കുളം, ആവോലി, ആനിക്കാട്, അടൂപ്പറമ്പ്, നിർമല ജങ്ഷൻ, പി.ഒ. ജങ്ഷൻ, കച്ചേരിത്താഴം, വെള്ളൂർക്കുന്നം, വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി, തൃക്കളത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജനം കാത്തുനിന്ന് കൂക്കിവിളിക്കുകയായിരുന്നു. വാഴക്കുളത്ത് കരിങ്കൊടി പ്രതിഷേധവും നടന്നു.
വൈകീട്ട് ഏഴു മണിയോടെയാണ് എറണാകുളം എം.ജി.റോഡിലെ അബാദ് പ്ലാസ ഹോട്ടലിൽ തെളിവെടുപ്പിന് എത്തിച്ചത്. റോഡിലടക്കം ആയിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. ചുറ്റുംകൂടിയവർ നടനെ കൂക്കിവിളിക്കുകയും പൊലീസിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൊലീസ് ഏറെ പണിപ്പെട്ടാണ് ദിലീപിനെ ഹോട്ടലിലെ 410ാം നമ്പർ മുറിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്. തോപ്പുംപടി സ്വിഫ്റ്റ് ജങ്ഷനിലും തെളിവെടുപ്പ് നടന്നു. വ്യാഴാഴ്ച തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.