യോഗം കലക്കാനെത്തിയവരെ തുരത്തിയ വണ്ടിപ്പേട്ട മൈതാനത്തെ ജനം
text_fieldsതൊടുപുഴ: സർ സി.പി. രാമസ്വാമി അയ്യരുടെ മർദനമുറകൾ കൊടുമ്പിരിക്കൊണ്ട കാലം. സമരമുഖത്തിറങ്ങിയവർ കൊടിയ മർദനം നേരിടേണ്ടിവന്നു.തൊഴിലാളികൾക്ക് പുറമെ കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തിലുള്ളവരെയും മറ്റ് പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് മർദിക്കുന്നതും പതിവായി. സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രസ്ഥാനത്തിനെതിരെ ഉയർന്നുവന്ന ജനരോഷം വലുതായിരുന്നു. ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവർ സമരങ്ങളിൽ സജീവമായി പങ്കെടുത്തു.
തൊടുപുഴ വണ്ടിപ്പേട്ട മൈതാനം അക്കാലത്ത് പൊതുയോഗങ്ങളുടെ സ്ഥിരം വേദികളിലൊന്നാണ്. ഇവിടെയാണ് പിൽക്കാലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് പ്രവർത്തിച്ചത്.സി.പിയുടെ അടിച്ചമർത്തലുകൾക്കും മർദനങ്ങൾക്കുമെതിരെ വണ്ടിപ്പേട്ട മൈതാനത്ത് വിപുലമായ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തിന് മുന്നോടിയായി വ്യാപക പ്രചാരണവും നടന്നിരുന്നു. സി.പിക്കെതിരെ സമൂഹത്തിൽ നിലനിന്നിരുന്ന രോഷത്തിന്‍റെ പ്രതിഫലനം കൂടിയായിരുന്നു യോഗത്തിലെ ബഹുജന പങ്കാളിത്തം. യോഗം തുടങ്ങുന്നതിന് ഏറെ മുമ്പ്തന്നെ മൈതാനം ജനങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞു.
സി.പിയുടെ പൊലീസും എക്സൈസും അവരുടെ കീഴിലെ ഗുണ്ടാ സംഘങ്ങളും യോഗം പൊളിക്കാൻ തീരുമാനിച്ചു.മദ്യലഹരിയിൽ ആളുകൾക്കിടയിൽ ഇടംപിടിച്ച ഇക്കൂട്ടർ പാട്ടയും കല്ലും കത്തിയുമെല്ലാം കൈയിൽ കരുതിയിരുന്നു. യോഗനടപടികൾ ആരംഭിച്ചതോടെ ഇവർ കൂക്കിവിളിക്കാനും പാട്ട കൊട്ടി തെറിപ്പാട്ട് പാടാനും തുടങ്ങി. ആർ.വി. തോമസായിരുന്നു യോഗത്തിലെ മുഖ്യ പ്രാസംഗികൻ.
അദ്ദേഹം എത്തുമ്പോഴേക്കും സി.പിയുടെ പിണിയാളുകൾ രംഗം അലങ്കോലമാക്കിയിരുന്നു. വേദിയിലേക്ക് നീങ്ങിയ തോമസിനെ സുരക്ഷയെ കരുതി പ്രവർത്തകർ തടഞ്ഞെങ്കിലും അദ്ദേഹം അതൊന്നുംവകവെച്ചില്ല. എല്ലാവർക്കും അഭിവാദ്യം അർപ്പിച്ച് തോമസ് പ്രസംഗം ആരംഭിച്ചതോടെ പൊലീസ് ചെല്ലും ചെലവും കൊടുത്ത് കൊണ്ടുവന്ന സാമൂഹികവിരുദ്ധർ കല്ലെറിയാൻ തുടങ്ങി.
ഈ സമയം സദസ്സിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന കെ.എം. ജോർജ്, പി.എം. വർഗീസ്, അഗസ്റ്റിൻ വഴുതനപ്പിള്ളി, പി. വാവച്ചൻ, കെ.എം. തോമസ്, കുമാരമംഗലം നാരായണൻ നായർ, തെള്ളിയാങ്കൽ മാത്തച്ചൻ തുടങ്ങിയവർ ആർ.വി. തോമസിന്‍റെ ചുറ്റും നിരന്ന് രക്ഷാകവചമൊരുക്കി. ഈ അവസരം നോക്കി വളന്‍റിയർമാർ അദ്ദേഹത്തെ എടുത്ത് ദൂരേക്ക് കൊണ്ടുപോയി.യോഗം അലങ്കോലപ്പെട്ടതിൽ രോഷാകുലരായ ജനക്കൂട്ടം പൊലീസിന്‍റെയും എക്സൈസിന്‍റെയും ഗുണ്ടാസംഘത്തെ ശരിക്കും കൈകാര്യം ചെയ്ത് സ്ഥലത്തുനിന്ന് തുരത്തി. സംഭവത്തിൽ അഗസ്റ്റിൻ വഴുതനപ്പിള്ളി, പട്ടാളം നീലകണ്ഠപ്പിള്ള എന്നറിയപ്പെടുന്ന പി. നീലകണ്ഠപ്പിള്ള, നെല്ലുവേലി കുട്ടിയച്ചൻ എന്ന എൻ.സി. മാത്യു തുടങ്ങി 11 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറച്ചുകാലം കൂടി ഈ കേസ് നീണ്ടുപോയെങ്കിലും അവസാനം തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.