മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന് അദ്ഭുതപ്പെടുത്തുന്ന മനുഷ്യർ; എങ്ങനെയാണിവരെ വെയിലത്തും തണുപ്പത്തും നിർത്തുക?
text_fieldsജീവന്റെ തുടിപ്പുകൾ പോലും ഉണ്ടാവാനിടയില്ലാത്തവിധം കൂമ്പാരമായിത്തീർന്ന കൽച്ചീളുകൾക്കും കോൺക്രീറ്റു പാളികൾക്കുമടിയിൽ അമർന്നുകിടന്ന ആ ബാലനിപ്പോൾ ലോകത്തെ നോക്കി ചിരിക്കുകയാണ്, ഇനിയും വറ്റിപ്പോവാത്ത പ്രതീക്ഷയോടെ. മരണത്തിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുനടന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യരിൽ ഒരാൾ. അവന്റെ പേര് മഹ്മൂദ്. ലോകം കണ്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യയുടെ ജീവസാക്ഷ്യം.
മഗ്‌രിബ് നമസ്കാരത്തിനായി നിന്ന ഉടനാണ് ഗസ്സയിലെ അവന്റെ വീടിനുമേൽ ബോംബ് വന്നു പതിച്ചത്. സ്ഫോടനത്തിന്റെ എല്ലാ ഭീകരതയും ബോധത്താൽ തുറന്നുപിടിച്ച കണ്ണുകളാൽ തന്നെ മഹ്മൂദ് കണ്ടു. ‘ശഹാദത്ത് കലിമ’ ചൊല്ലി കിടക്കുമ്പോൾ ഒരിക്കൽ കൂടി തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവൻ പ്രാർഥിച്ചു കൊണ്ടേയിരുന്നു.
കൽക്കൂമ്പാരത്തിനടിയിൽനിന്ന് പിറ്റേ ദിവസമാണ് നാട്ടുകാർ പുറത്തേക്കെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു സാധ്യതയും ഇല്ലെന്ന് ഡോക്ടർമാർ തീർപ്പാക്കി. ജീവൻ നിലച്ചിട്ടില്ലെന്നതിന്റെ അടയാളമായി നേരിയ ശ്വാസം മാത്രം. ഗുരുതരമായി പരിക്കറ്റയാൾ എന്ന നിലക്ക് ഈജിപ്തിലേക്ക് മാറ്റാനായി. ആശുപത്രിയിലും ബോധമില്ലാതെ ഏത്രയോ നാളുകൾ. പതിയെ പതിയെ ചലനങ്ങൾ വന്നുതുടങ്ങി. ഏറെ നാളത്തെ ചികിൽസക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നായി. തീവ്ര പരിശ്രമത്തിന്റെ ഭാഗമായി അവൻ പതിയെ നടക്കാനും തുടങ്ങി. കുറേ നാൾ വീൽ ചെയറിൽ ചലിച്ച മഹ്മൂദ് പിന്നീട് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ തുടങ്ങി. സ്ഫോടനത്തിനൊടുവിലെ അവന്റെ പ്രാർത്ഥനയുടെ ഫലമെന്നോണം അത്യൽഭുതകരമായിരുന്നു ആ തിരിച്ചുവരവ്!
ഗസ്സക്കുനേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തിൽ പരിക്കുകളോടെയും അല്ലാതെയും അതിർത്തി കടന്ന് എത്തിയവരുടെ ഇടയിൽ ഈജിപ്ത് കേന്ദ്രീകരിച്ച് ‘വേൾഡ് റെഫ്യൂജി സപ്പോർട്ട്’ എന്ന ബാനറിൽ സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന മലയാളിയായ ഡോ. ഹാഷിം രിഫായിയാണ് മഹ്മൂദിനെ ലോകത്തിനു മുന്നിലെത്തിച്ചത്.
പരിക്കേറ്റ സമയത്തെ ചിത്രവും മൂന്നു മാസം മുമ്പ് മഹ്മൂദിനെ കണ്ടപ്പോൾ എടുത്ത ചിത്രവും അദ്ദേഹം തന്റെ സമൂഹ മാധ്യമ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സാധാരണ അവൻ താമസിക്കുന്ന സ്ഥലത്ത് ചെന്നാണ് കാണാറെങ്കിലും ഇത്തവണ പുറത്തുവെച്ച് കാണുകയായിരുന്നുവെന്നും ഒരു വടിയുടെയും സഹായമില്ലാതെ മഹ്മൂദ് തന്റെ അരികിലേക്ക് നടന്നെത്തിയെന്നും ഹാഷിം രിഫായി പറയുന്നു.
ഈജിപ്തിൽ ഇങ്ങനെ ഒരുപാട് മഹ്മൂദുമാരെയാണ് അദ്ദേഹം നിത്യേന കാണുന്നത്. ഒരൊറ്റ ബോംബിങ്ങിൽ കുടുംബത്തിലെ 27 ആളുകളും നഷ്ടപ്പെട്ട മുഹമ്മദ് സ്വാലിഹ്. മരണം ഉറപ്പായ നേരം അന്തിമ വാക്യം ഉരുവിട്ട് കിടന്ന ചെറുപ്പക്കാരൻ. യുദ്ധത്തിൽ പരിക്കേറ്റ് ഈജിപ്തിൽ ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് താമസ സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിനിടയിലാണ് ഡോ. ഹാഷിം ഇദ്ദേഹത്തെ കണ്ടത്. കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റക്കായി പോയിട്ടും പുഞ്ചിരിക്കുന്ന മുഖവുമായി ശുഭപ്രതീക്ഷയോടെ കഴിയുന്നു.
മറ്റൊരാൾ മുഹമ്മദ്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പരിക്കേറ്റു. ഫലസ്തീനിലെ ആശുപത്രിയിൽ ഒന്നര മാസം ചികിത്സ തേടിയതിന് ശേഷം കഴിഞ്ഞ ഡിസംബറിൽ ഈജിപ്തിലേക്ക് തുടർ ചികിത്സക്കായി വന്നു. അവിടെ ഒരു വർഷത്തോളം ചികിത്സ തേടി. മുഹമ്മദിന്റെ ചെവിയുടെ ഓപറേഷൻ നടത്തിയപ്പോൾ മിസൈലിന്റെ കഷ്ണങ്ങൾ വരെ കണ്ടെടുത്തു.
യുദ്ധത്തിനിടെ നിറവയറുമായി അതിർത്തി കടന്ന് ഈജിപ്തിലെത്തിയ യുവതി ജന്മം നൽകിയ മൂന്നു കുഞ്ഞുങ്ങളെ നോക്കാൻ രണ്ട് കൈകൾ മതിയാകാതെ വന്നപ്പോൾ, ഒരു ‘ബോബി സ്ട്രോളൾ’ വേണമെന്ന അവരുടെ ആവശ്യം നിവൃത്തിക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു.
ഈ സഹോദരങ്ങളെയൊക്കെ നമുക്കെങ്ങനെ പെരുവഴിയിൽ ഉപേക്ഷിക്കാനാവും? എങ്ങനെ നമുക്കവരെ പട്ടിണിക്കും രോഗത്തിനും വേദനക്കും വിട്ടുകൊടുക്കാനാവുമെന്നാണ് അവിടെ തന്നാലാവും വിധം സഹായ പ്രവൃത്തികളിലേർപ്പെടുന്ന ഡോ. രിഫായിയുടെ ചോദ്യം. ‘വേൾഡ് റെഫ്യൂജീ സപ്പോർട്ട്’ എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലൂടെ വെള്ളവും ഭക്ഷണവും താമസിക്കാനുള്ള ടെന്‍റുകളും അടക്കം ലഭ്യമാക്കുന്നു. എന്നാൽ, അതൊന്നും നിലവിലെ അവസ്ഥയിൽ തികയാതെ വരികയാണെന്നദ്ദേഹം പറയുന്നു.
ഈജിപ്ത് എന്നാൽ ഗസ്സ തന്നെയാണെന്ന് ഡോ. രിഫായി തന്റെ സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ‘മാരകമായ പരിക്കറ്റവർ മാത്രമാണ് ഈജിപ്തിൽ എത്തിയിട്ടുള്ളത്. ചികിത്സ കഴിഞ്ഞാൽ ഇവർ പെരുവഴിയിലാണ്. ആവശ്യമായത്ര സഹായം നൽകാൻ ഇപ്പോഴും ആവുന്നില്ല. ഓരോ ദിവസം കഴിയുന്തോറും സഹായിക്കേണ്ട ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. സന്നദ്ധ പ്രവർത്തകരുടെയും സഹായത്തിന്റെയും അഭാവം കാര്യമായുണ്ട്. ഒരു പരിധിയിൽ കൂടുതൽ സഹായമെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിവൃത്തിയില്ലാതെ ഓരോ മാസവും സഹായം കുറക്കണമെന്ന് തീരുമാനിക്കും. കൂടുതൽ പേരെ ഏറ്റെടുക്കേണ്ടി വരുന്നു എന്നതാണ് ഫലം. എങ്ങനെയാണ് നമ്മൾ ഇവരെ വെയിലത്തും തണുപ്പത്തും നിർത്തുക? ഈ കെട്ട കാലത്ത് ഇതെങ്കിലും നമ്മൾ ചെയ്യണ്ടേ എന്നദ്ദേഹം ഉള്ളുലഞ്ഞ് ചോദിക്കുന്നു. (ഡോ. ഹാഷിം രിഫായിയുടെ നമ്പർ: 9446440544)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.