പ്രതിപക്ഷത്തിന് നശീകരണവാസന; എൽ.ഡി.എഫിനെതിരായ കുപ്രചാരണങ്ങളെ ജനം കോട്ടകെട്ടി പ്രതിരോധിച്ചു -പിണറായി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണവാസനയോടെ പ്രവർത്തനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം സംസ്സ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫിന്‍റെ വടക്കൻ മേഖല ജാഥ കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത് സംരക്ഷിച്ചു. സ്വന്തം കളങ്കം സർക്കാറിന് മേൽ അടിച്ചേൽപ്പിച്ചാണ് പ്രതിപക്ഷം കുപ്രചാരണം നടത്തിയത്. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങൾ ഉയർത്തിയ കോട്ടയിൽ തട്ടി ഇല്ലാതായെന്നും പിണറായി പറഞ്ഞു.
യു.ഡി.എഫിനെ ജനം ശാപം വാക്കുകളോടെയാണ് ഇറക്കി വിട്ടത്. ജനങ്ങളുടെ നിരാശക്ക് പകരം എൽ.ഡി.എഫ് സർക്കാർ പ്രത്യാശ കൊണ്ടു വന്നു. ജനങ്ങളുടെ പ്രതീക്ഷ ഇടതുസർക്കാർ നിറവേറ്റി. കടുത്ത പ്രതിസന്ധിക്കിടെയാണ് വാഗ്ദാനങ്ങൾ നിറവേറ്റിയത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർക്കാർ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിൽ അടക്കമുള്ള ഉപേക്ഷിച്ച പദ്ധതികൾ നടപ്പിലാക്കി. കെ-ഫോണിലൂടെ എല്ലാവർക്കും ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം പേർക്ക് വീട് നൽകി. ലൈഫിനെ വിമർശിക്കുന്നവരെ ജനം പുച്ഛത്തോടെ കാണുമെന്നും പിണറായി പറഞ്ഞു. ജനങ്ങളോട് പറഞ്ഞ വാഗ്്ദാനങ്ങളെല്ലാം പാലിച്ചു. കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിന്‍റെ ഭരണതുടർച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.