പി. മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമിച്ചു; ടി.പി. വധക്കേസ് വിധിയിൽ സി.പി.എം
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത് സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. ടി.പി. കേസിനെ രാഷ്ട്രീയവൽകരിക്കാൻ ശ്രമിച്ചത് യു.ഡി.എഫ് ആണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹരജികൾ തള്ളിയ ഹൈകോടതി വിചാരണ കോടതിയുടെ ശിക്ഷാ വിധിയാണ് ശരിവെച്ചത്. അതേസമയം, പ്രതികളായ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈകോടതി റദ്ദാക്കി. ഇവർക്കുള്ള ശിക്ഷ 26ന് കോടതി വിധിക്കും. ഈ പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.
അതേസമയം, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തനെ ശിക്ഷിച്ചതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കേസിൽ വെറുതെവിട്ടതും ഹൈകോടതി ശരിവെച്ചു. പ്രതികളും സര്‍ക്കാറും കെ.കെ. രമ എം.എല്‍.എയും നല്കിയ അപ്പീലുകളിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ച് വിധി പറഞ്ഞത്.
ആര്.എം.പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരക്കടുത്ത് വള്ളിക്കാടുവെച്ച് ഒരുസംഘം ബോംബെറിഞ്ഞുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്.എം.പി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിലുള്ള പക നിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണക്കോടതി എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്, ട്രൗസര്‍ മനോജ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
പി.കെ. കുഞ്ഞനന്തന് ജയില്‍ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 2014ലാണ് വിചാരണക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി. മോഹനന് ഉള്‍പ്പെടെ 24 പേരെ വെറുതെവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.