ജനരക്ഷായാത്ര: ഹർത്താൽ പ്രതീതിയിൽ പയ്യന്നൂർ
text_fieldsപയ്യന്നൂർ: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനവേളയിൽ പയ്യന്നൂർ നഗരത്തിന് ഹർത്താലിെൻറ പ്രതീതി. ടൗണിലെ 90 ശതമാനം കടകളും അടഞ്ഞുകിടന്നു. സ്കൂളുകൾ പ്രവർത്തിച്ചില്ല. നഗരത്തിലേക്ക് ഗതാഗതംകൂടി നിയന്ത്രിച്ചതോടെ ജനം വലഞ്ഞു. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് ദിവസംമുഴുവൻ ബി.ജെ.പിക്ക് അധികൃതർ വിട്ടുനൽകി. ഒരു രാഷ്ട്രീയപാർട്ടി പരിപാടിക്ക് ബസ്സ്റ്റാൻഡ് ഒഴിപ്പിച്ചുനൽകുന്നത് പയ്യന്നൂരിൽ ഇതാദ്യമാണ്.
ബസ്സ്റ്റാൻഡ് തിങ്കളാഴ്ച രാത്രിമുതൽ സംഘ്പരിവാറിെൻറ നിയന്ത്രണത്തിലായിരുന്നു. ബസ്സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. യാത്ര തുടങ്ങിയതിനുശേഷം ദേശീയപാതയിലെ ഗതാഗതവും നിലച്ചു. ദീർഘദൂര ബസുകൾ പെരുമ്പ ദേശീയപാതവഴിയാണ് കടന്നുപോയത്. രാവിലെ 10വരെ ബസുകൾ മെയിൻ റോഡിലൂടെ സർവിസ് നടത്തിയെങ്കിലും പിന്നീട് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ്സ്റ്റാൻഡിൽ തൂണുകൾ നാട്ടി പന്തലിട്ട് പ്രവർത്തകർക്ക് ഇരിക്കാനുള്ള ഇടമാക്കിമാറ്റി.
നഗരസഭാസ്റ്റേഡിയവും ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയവും ഉണ്ടെന്നിരിക്കെയാണ് അമിത് ഷായുടെ പ്രസംഗത്തിന് ബസ്സ്റ്റാൻഡ് പൂർണമായും ഒരുദിവസം ബി.ജെ.പിക്ക് വിട്ടുനൽകിയത്. കടകൾ അടക്കാൻ പൊലീസ് ഒൗദ്യോഗികമായി നിർദേശം നൽകിയിട്ടില്ല. എന്നാൽ, പ്രശ്നമുണ്ടാകാനുള്ള സാധ്യതയുടെപേരിൽ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന സന്ദേശം പൊലീസിൽനിന്നുണ്ടായി. ഇതോടെ റിസ്ക് എടുക്കേണ്ടെന്ന് വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.