ശ്രീദിഷിന് അത്താണിയാവാൻ കൈകോർത്ത് നാട്
text_fieldsകോങ്ങാട്: ഇരുവൃക്കകളും തകരാറിലായി രോഗത്തോട് മല്ലിടുന്ന ശ്രീദിഷിന് അത്താണിയാവാൻ നാടൊന്നാകെ കൈകോർക്കുന്നു. കോങ്ങാട് പതിനൊന്നാം വാർഡ് മണ്ണാംതറ കക്കാട്ടുപറമ്പിൽ താമസിക്കുന്ന പരേതരായ ചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും മകൻ ശ്രീദീഷിന് (21) ചികിത്സ സഹായം സ്വരൂപിക്കാനാണ് നാട്ടുകാർ ഒരുമിക്കുന്നത്.
വൃക്കരോഗം മൂലം മാതാപിതാക്കൾ നഷ്ടമായ യുവാവിന് ഒരു വർഷം മുമ്പാണ് ചികിത്സ തുടങ്ങിയത്. പട്ടികജാതി ക്ഷേമ ബോർഡിൽ നിന്നും ഉദാരമനസ്കനിൽ നിന്നും അര ലക്ഷം രൂപ വീതം ധനസഹായം ലഭിച്ചു. ഈ തുക ഉപയോഗിച്ചാണ് ചികിത്സ തുടർന്നത്. നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ എറണാകുളത്തെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിന് വൻ തുക വേണ്ടി വരും.
കോങ്ങാട് നിന്ന് പുലാപ്പറ്റയിലേക്ക് സർവിസ് നടത്തുന്ന ഗാലക്സി ബസിന്റെ ബുധനാഴ്ചത്തെ വരുമാനം ചികിത്സ സഹായമെത്തിക്കാനാണ് ഉപയോഗിക്കുക. ശ്രീദീഷിന്റെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ചികിത്സക്ക് തുക കണ്ടെത്താൻ വാർഡ് അംഗം ബിജു മോൾ ചെയർമാനും ജില്ല പഞ്ചായത്ത് അംഗം എം. പ്രശാന്ത് കൺവീനറുമായ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. എസ്.ബി.ഐ കോങ്ങാട് ശാഖയിൽ 33106107236 നമ്പറിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി നമ്പർ: SBIN0014966. ഗൂഗിൾ പേ നമ്പർ: 9846985211. ഫോൺ: പ്രശാന്ത് - 8075903259.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.