ജനം വികസനത്തിന്റെ സ്വാദറിയുന്നു -മുഖ്യമന്ത്രി
text_fieldsകുന്ദമംഗലം: എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദറിയുന്നുണ്ടെന്നും വികസനം എല്ലാവർക്കും തുല്യമായി വീതിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ നാടാകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലം നിയോജകമണ്ഡലം നവകേരള സദസ്സ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ വികസനം ആവശ്യമാണ്. അത് സർവതല സ്പർശിയായിരിക്കുകയും വേണം. ഭൂപരിഷ്കരണം, വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തുമുണ്ടായ ഇടപെടലുകൾ തുടങ്ങി വിവിധ തലങ്ങളിലുള്ള മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. അതാണ് കേരള മോഡൽ വികസനം.
ഇതിലൂടെ നമ്മുടെ നേട്ടങ്ങൾ വലിയതോതിൽ എടുത്തു കാണപ്പെട്ടു. എന്നാൽ, തുടർന്ന് കാലാനുസൃതമായ പുരോഗതി നേടാനായില്ല. 2016 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേരളത്തെ എങ്ങനെ മാറ്റാമെന്ന് ചിന്തിക്കുകയും വിശാലമായ പ്രകടനപത്രിക പുറത്തിറക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചു. അതുകൊണ്ടാണ് തുടർഭരണം ലഭിച്ചതെന്നും ഓഖി, കോവിഡ്, നിപപോലുള്ള പ്രതിസന്ധികളിൽ ജനങ്ങൾ സർക്കാറിനൊപ്പം നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ 2020 ൽ കുന്ദമംഗലം പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചു. മണ്ഡലത്തിൽ വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവരെ ആദരിച്ചു. പി.ടി.എ. റഹിം എം.എൽ.എ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, എ.കെ. ശശീന്ദ്രൻ, വീണ ജോർജ് തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം നവകേരള സദസ്സ് നോഡൽ ഓഫിസർ എ.ഡി.എം സി. മുഹമ്മദ് റഫീഖ് സ്വാഗതവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പി. പ്രിയ നന്ദിയും പറഞ്ഞു.
‘സാമ്പത്തികമായി തകർക്കൽ അജണ്ടയായി മാറിയിരിക്കുന്നു’
കൊടുവള്ളി: സാധാരണയായി കേരളത്തിന് നൽകേണ്ട അർഹതപ്പെട്ട വിഹിതംപോലും വെട്ടിക്കുറച്ച് കേന്ദ്രം സാമ്പത്തികമായി ഞെക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടുവള്ളിയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു. ഇത് നിർഭാഗ്യകരമായ അവസ്ഥയാണ്. കേരളം നല്ല രീതിയിൽ തയാറാക്കുന്ന പദ്ധതികൾക്ക് സഹായകരമായ നിലപാട് സ്വീകരിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. നിരവധി തവണ വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും മാറ്റമില്ല. സാമ്പത്തികമായി തകർക്കൽ അജണ്ടയായി മാറിയിരിക്കുന്നു.
നികുതി വിഹിതത്തിലും ഗ്രാൻഡിലും വലിയ കുറവാണ് വരുത്തിയത്. ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട നാടാണ് കേരളം. ദേശീയ-അന്താരാഷ്ട്രതലത്തിൽ നമ്മുടെ നാട് അംഗീകാരം നേടിയിട്ടുണ്ട്. 2016 ന് മുമ്പുള്ള കേരളം കടുത്ത അനുഭവങ്ങൾ ഏറ്റുവാങ്ങിയവരാണ്. നാട് വല്ലാതെയാണ് പിറകോട്ട് പോയത്. ജനം മനംനൊന്തിരിക്കെയാണ് കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി എൽ.ഡി.എഫ് പ്രകടനപത്രികയുമായി വന്നത്. ഇത് ജനം ഏറ്റെടുക്കുകയും എൽ.ഡി.എഫിനെ ഭരണത്തിലെത്തിക്കുകയുമായിരുന്നു.
എന്നാൽ, ഇത് നിർവഹിക്കാനിരിക്കെയാണ് നിപയും പ്രളയവും കോവിഡ് മഹാമാരിയുമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വന്നത്. സാമ്പത്തികശേഷി കുറഞ്ഞ സംസ്ഥാനമായ കേരളത്തെ സഹായിക്കേണ്ടതും പിന്തുണക്കേണ്ടതും കേന്ദ്രമാണ്. സംസ്ഥാനത്തിന് അർഹമായത് പോലും നൽകാതെ നിഷേധിക്കുകയാണ് ചെയ്തത്. ചില രാഷ്ട്രങ്ങൾപോലും സഹായവുമായി വന്നപ്പോൾ കേന്ദ്രം അത് സ്വീകരിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളം രക്ഷപ്പെട്ടുകൂട എന്ന വികാരത്തിൽനിന്നാണ് അതുണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാമായിട്ടും നമ്മൾ തളർന്ന് പോയിട്ടില്ല. അതിജീവനം കേരളത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആവശ്യമായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.