വികസനമുണ്ടാകാൻ ജനം കൂടെ വേണം -എ.എൻ. ഷംസീർ
text_fieldsതലശ്ശേരി: ജനം കൂടെ നിന്നാലേ വികസനം വേഗത്തിൽ യാഥാർഥ്യമാകൂവെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ.
അംഗൻവാടി കുട്ടികളെ ഐ.ടി ഉപയോഗിക്കാൻ പ്രാപ്തരാക്കണം. കമ്പ്യൂട്ടർ ഉപയോഗത്തിൽ താൽപര്യം വരുത്താൻ സാധിക്കണം. അംഗൻവാടി ടീച്ചർമാരും ഹെൽപർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കതിരൂരിൽ ആരംഭിച്ച ആദ്യത്തെ സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
കതിരൂർ പഞ്ചായത്തിൽ 14ാം വാർഡിൽ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപമാണ് അംഗൻവാടി പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിലെ മുരിക്കോളി കുഞ്ഞാപ്പു, മാധവി, ദാമോദരൻ മാസ്റ്റർ എന്നിവരുടെ സ്മരണക്കായി കുടുംബാംഗങ്ങൾ നൽകിയ ഏഴേകാൽ സെൻറ് സ്ഥലത്ത് 32.31 ലക്ഷം രൂപ ചിലവിലാണ് അംഗൻവാടിക്ക് കെട്ടിടം നിർമിച്ചത്. വനിത ശിശുവികസന വകുപ്പ് അനുവദിച്ച 20 ലക്ഷവും കതിരൂർ പഞ്ചായത്ത് അനുവദിച്ച 12.31 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം.
പാനൂർ ബ്ലോക്കിലെ 161 അംഗൻവാടികളിൽ ആദ്യത്തെ സ്മാർട്ട് അംഗൻവാടിയാണ് കതിരൂരിൽ പ്രവർത്തനമാരംഭിച്ചത്. രണ്ടാമത്തെ സ്മാർട്ട് അംഗൻവാടി വൈകാതെ ചൊക്ലിയിൽ നിർമാണം പൂർത്തിയാകും. 13 പ്രീ സ്കൂൾ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂം, സ്മാർട്ട് അടുക്കള തുടങ്ങിയവയാണ് ഒരു വർഷം കൊണ്ട് ഇവിടെ യാഥാർഥ്യമാക്കിയത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു.
സി.എ. ബിന്ദു, മുരിക്കോളി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ സ്വാഗതവും പാനൂർ ബ്ലോക്ക് ഡി.പി.ഒ എ.പി പ്രസന്ന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.