മണിപ്പൂർ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഞാനല്ല, മണിപ്പൂരിലെ മനുഷ്യർ -ഡോ. അംഗോംച എം.പി
text_fieldsകൊച്ചി: മണിപ്പൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായിരുന്ന തെരഞ്ഞെടുപ്പിൽ താനല്ല, മണിപ്പൂരിലെ മനുഷ്യരാണ് ജയിച്ചതെന്ന് മണിപ്പൂർ എം.പി ഡോ. അംഗോംച ബിമൊൽ അകൊയ്ജം. സബർമതി പഠന-ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ‘മണിപ്പൂർ മനസ്സറിയാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ വിഭജനരാഷ്ട്രീയമാണ് അവർ തകർത്തത്. കോളനി ഭരണത്തിനെതിരെ ജാതിമത സാംസ്കാരിക ചിന്തകൾക്കതീതമായി ജനങ്ങളെ കൂട്ടിച്ചേർത്ത് നിർത്താൻ കോൺഗ്രസിന് കഴിഞ്ഞതുകൊണ്ടാണ് ആർ.എസ്.എസിന്‍റെ വിഭജന രാഷ്ട്രീയത്തെ മണിപ്പൂർ ജനത തോൽപിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവിലാണ് കലാ- സാംസ്കാരിക-അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന താനും കോൺഗ്രസിൽ ചേർന്നത്.
ഒരു ജനതയെയും സംസ്കാരിക വൈവിധ്യങ്ങളെയും ചരിത്രത്തിൽനിന്ന് തമസ്കരിക്കുന്നതാണ് മണിപ്പൂരിലെ പ്രധാന പ്രശ്നം. അങ്ങനെ അദൃശ്യവത്കരിക്കപ്പെടുന്നവർക്ക് ചെറുത്തുനിൽക്കേണ്ടി വരുമ്പോൾ മണിപ്പൂരുകൾ രാജ്യത്താകമാനം ഇനിയും ആവർത്തിക്കപ്പെടും. അവരോട് സംവദിക്കുകയും അനുഭാവപൂർവം നിലപാട് സ്വീകരിക്കുകയുമാണ് ഏക പരിഹാരം. യുക്രെയ്നിൽവരെ പോയ മോദിക്ക് നിർഭാഗ്യവശാൽ മണിപ്പൂർ സന്ദർശിക്കാൻ ഇതുവരെയും സമയമായില്ല.
സ്വന്തം രാജ്യത്തെ ജനങ്ങളെ മിണ്ടാൻ അനുവദിക്കാത്ത മോദി ഇവിടത്തെ മനുഷ്യരോട് മിണ്ടാതെ അയൽരാജ്യങ്ങളെ ആശ്വസിപ്പിക്കുന്ന കാഴ്ച വികൃത തമാശയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേട്ട റേഡിയോകൾ മണിപ്പൂരിലെ ആളുകൾ തെരുവിൽ തല്ലിത്തകർത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഫാ. അഗസ്റ്റിൻ വട്ടോളി, സംവിധായകൻ ജോഷി ജോസഫ്, ഡോ. ടി.എസ്. ജോയി, ഡൊമിനിക് പ്രസന്റേഷൻ, അഡ്വ. കെ.വി. സജീവൻ, ഷൈജു കേളന്തറ, ഡോ. ജിന്‍റോ ജോൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.