സുഖയാത്ര’ അന്യമായി ട്രെയിൻ യാത്രക്കാർ
text_fieldsമംഗളൂരു/കാസർകോട്: ദീർഘദൂര ട്രെയിനുകൾ ക്രോസിങ്ങിനായി വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നതുമൂലം ദീർഘദൂര യാത്രക്കാർക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയവും ഒപ്പം, യാത്രാദുരിതവും. വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ദുരിതം വർധിച്ചത്. നേരത്തെ ഡൽഹിലേക്കുള്ള രാജധാനി എക്സ്പ്രസിനായിരുന്നു ഇത്തരത്തിൽ ക്രോസിങ്ങിനായി വണ്ടികൾ പിടിച്ചിട്ടിരുന്നത്. ഇപ്പോൾ ടിക്കറ്റ് നിരക്ക് കൂടുതലുള്ള ട്രെയിനുകൾക്കെല്ലാമായി മറ്റു ദീർഘദൂര വണ്ടികൾ പിടിച്ചിടുന്നതാണ് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നത്.
ഇതുമൂലം ട്രെയിനുകൾ രണ്ടു മുതൽ അഞ്ചു മണിക്കൂർവരെ വൈകിയാണ് ഓടുന്നതും സ്റ്റേഷനുകളിൽ എത്തുന്നതും. അടിയന്തരാവശ്യങ്ങൾക്ക് യാത്രചെയ്യുന്നവരാണ് ഇതുവഴി കൂടുതൽ ദുരിതത്തിലാവുന്നത്. ടിക്കറ്റിൽ കാണിച്ചതുപ്രകാരം ഈ അടുത്തകാലത്തൊന്നും ട്രെയിനുകൾ കൃത്യസമയത്തിന് സ്റ്റേഷനുകളിൽ എത്താറില്ല. ഇതുവഴി വിമാനത്താവളത്തിൽ എത്തേണ്ടവർ, ആശുപത്രികളിൽ സമയത്തിന് എത്തിപ്പെടേണ്ട രോഗികൾ, വീടുകളിൽ മംഗളകർമത്തിനെത്തിപ്പെടേണ്ടവർ, മരണവീടുകളിലേക്ക് എത്തേണ്ടവർ, വിദ്യാർഥികൾ, വ്യാപാര-വ്യവസായികാവശ്യങ്ങൾക്ക് പോകുന്നവർ... ഇങ്ങിനെ നീളുന്നു ദുരിതയാത്രക്കാരുടെ പട്ടിക. വൈകി ഓടുന്നതുമൂലം സഹികെട്ട യാത്രക്കാർ പലപ്പോഴും പിടിച്ചിടുന്ന സ്റ്റേഷൻ മാസ്റ്ററോട് തട്ടിക്കയറി രോഷംതീർക്കാറാണ് പതിവ്.
റെയിൽവേ വികസനത്തിലും വരുമാന വർധനവിലും ഊറ്റംകൊള്ളുന്ന മന്ത്രാലയം യാത്രക്കാരുടെ ദുരിതം കാണാതെപോകുന്നുവെന്ന ആക്ഷപമാണുള്ളത്. എന്നാൽ, റെയിൽവേ മന്ത്രാലയവും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്നുനടിച്ച് നിരക്ക് കൂടുതലുള്ള വി.ഐ.പി ട്രെയിനുകൾ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഫലത്തിൽ ഭാവിയിൽ രാജ്യത്ത് സാധാരണക്കാർക്ക് ചെറിയ നിരക്കിലുള്ള ദീർഘദൂര ട്രെയിൻയാത്ര അന്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.