ജനങ്ങൾ ഏറ്റെടുത്ത് 'സമൃദ്ധി' പദ്ധതി
text_fieldsകോഴിക്കോട്/തിരുവനന്തപുരം: 'മാധ്യമ'വും സംസ്ഥാന കൃഷി വകുപ്പും ചേർന്നൊരുക്കുന്ന 'സമൃദ്ധി; നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിക്ക് ജനങ്ങളുടെ വൻ പിന്തുണ. പൊതുജനങ്ങളും കർഷകരും പദ്ധതിയെ കുറിച്ച് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയിക്കുന്നത്. പദ്ധതിക്ക് പിന്തുണ നൽകുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഫേസ്ബുക്ക് അടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് 'സമൃദ്ധി; നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിക്ക് ശനിയാഴ്ച തുടക്കം കുറിച്ചത്. ഒൗദ്യോഗിക വസതിയായ ഗ്രേസിന് ചുറ്റും മന്ത്രിയൊരുക്കിയ കൃഷിത്തോട്ടമാണ് പദ്ധതിയുടെ ഗംഭീര തുടക്കത്തിന് വേദിയായത്.
കാർഷിക രംഗത്തെ സ്വയംപര്യാപ്തതക്ക് 'മാധ്യമം' നടത്തുന്ന ചുവടുവെപ്പ് പ്രധാനപ്പെട്ടതാണെന്ന് മന്ത്രി സുനിൽകുമാർ അഭിപ്രായപ്പെട്ടു. കൃഷിയിൽ ഒാരോ മലയാളിയും മുന്നിട്ടിറങ്ങേണ്ട സമയമായി. അങ്ങനെയേ സ്വയംപര്യാപ്ത കാർഷിക കേരളമെന്ന സ്വപ്നം യാഥാർഥ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
'സമൃദ്ധി'യുടെ ലോഗോ പ്രകാശനം ചെയ്ത മന്ത്രി, 'മാധ്യമം' വായനക്കാർക്ക് കൃഷി വകുപ്പിന്റെ ഒാണസമ്മാനമായ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചിരുന്നു. 'ഒാണത്തിന് ഒരുമുറം പച്ചക്കറി' എന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ വിളംബരമെന്ന നിലക്ക്, സ്വന്തം തോട്ടത്തിൽ നിന്ന് വിളവെടുത്ത ഒരുമുറം പച്ചക്കറി സാക്ഷിയാക്കിയായിരുന്നു വിത്ത് വിതരണോദ്ഘാടനം.
കേരളത്തിൽ ആദ്യമായാണ് ഒരു ദിനപത്രത്തിന്റെ മുഴുവൻ വരിക്കാർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്. 'മാധ്യമം' നടപ്പാക്കുന്ന 'സമൃദ്ധി' പദ്ധതിയുടെ ഭാഗമായി വായനക്കാർക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിത്ത് പാകുന്നതിന്റെയും അടുക്കളത്തോട്ടം പരിപാലിക്കുന്നതിന്റെയും ചിത്രങ്ങൾ, വിഡിയോ എന്നിവ 'മാധ്യമം' ഫേസ്ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ഒാൺലൈനിലും പ്രസിദ്ധീകരിക്കും. മികച്ച വിഡിയോകൾക്കും ചിത്രങ്ങൾക്കും സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.