'കളിക്കാനറിയുന്നവർക്ക് ജയിക്കാനുമറിയാം'
text_fieldsഎലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയുമായി മാധ്യമം ലേഖകൻ ഹാഷിം എളമരം നടത്തിയ അഭിമുഖം
കോഴിക്കോട്: അവസാന നിമിഷംവരെ നിലനിന്ന അനിശ്ചിതത്വം നീങ്ങിയ ആശ്വാസത്തിലാണ് എലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.സി.കെയിലെ സുൽഫിക്കർ മയൂരി. തനിച്ച് മണ്ഡലത്തിലെത്തി യു.ഡി.എഫിൽനിന്ന് ആരും കൂട്ടിനില്ലാതെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിവന്ന ഹതഭാഗ്യൻ. എതിർ സ്ഥാനാർഥി മന്ത്രി എ.കെ. ശശീന്ദ്രൻ പ്രചാരണത്തിൽ ഏറെ മുന്നോട്ട് പോയെങ്കിലും പ്രശ്നങ്ങളെല്ലാം അവസാനിച്ച സ്ഥിതിക്ക് അതൊക്കെ അതിവേഗം മറികടക്കുമെന്ന് സുൽഫിക്കർ മയൂരി 'മാധ്യമ'ത്തോട് പറഞ്ഞു.
? എലത്തൂരിൽ പിന്തുണക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നാമനിർദേശപത്രിക സമർപ്പിക്കേണ്ടിവന്ന താങ്കൾ സീറ്റ് വിവാദങ്ങളിൽ അസംതൃപ്തനാണോ
- അതൊക്കെ മാധ്യമ സൃഷ്ടിയാണ്. കോൺഗ്രസിനകത്ത് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോൾ പ്രശ്നങ്ങൾ സങ്കീർണമാവാതിരിക്കാനാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ പോയപ്പോൾ നേതാക്കളെ ആരെയും കൂടെ കൂട്ടാതിരുന്നത്. തന്നോട് വ്യക്തിപരമായി മണ്ഡലത്തിലെ ഒരു കോൺഗ്രസുകാരനും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇവിടത്തെ തെരഞ്ഞെടുപ്പ് ചർച്ചകളിലൊക്കെ ഞാൻ പങ്കെടുക്കുന്നുമുണ്ട്.
? മണ്ഡലത്തിലെ പ്രവർത്തകരുമായി കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്താത്തതാണോ പ്രശ്നമായത്
- മുമ്പ് ജനതാദൾ രണ്ടുതവണ പരാജയപ്പെട്ട എലത്തൂർ സീറ്റ് വിട്ടുകിട്ടണമെന്നുണ്ടെങ്കിൽ നേരത്തേതന്നെ കോൺഗ്രസ് പ്രവർത്തകർ സമ്മർദം ശക്തമാക്കേണ്ടതായിരുന്നു. എൻ.സി.പിയുമായി വേർപിരിഞ്ഞാണ് എൻ.സി.കെ യു.ഡി.എഫിൽ എത്തിയത്. ആകെ ലഭിച്ച രണ്ട് സീറ്റിൽ ഒരു സീറ്റ് തിരിച്ചുകൊടുക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. ലഭിച്ച സീറ്റ് കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. കോൺഗ്രസിന് നല്ല വേരോട്ടമുള്ള മണ്ഡലമാണ് എലത്തൂർ. പ്രശ്നങ്ങളെല്ലാം അവസാനിച്ചല്ലോ. ഇനി കോൺഗ്രസ് പ്രവർത്തകർ പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന കാര്യത്തിൽ സംശയമില്ല.
? ഘടകകക്ഷികളെ അംഗീകരിക്കുകയെന്ന മാന്യത കൈവിട്ടുപോയെന്നാണോ
- ചെങ്കൊടി വിട്ടുവന്ന ആർ.എസ്.പിയെയും ഗൗരിയമ്മയുടെ ജെ.എസ്.എസിനെയും സി.എം.പിയെയുമെല്ലാം മാന്യമായി ഉൾക്കൊണ്ട ചരിത്രമാണ് യു.ഡി.എഫിനുള്ളത്. അതുപോലെത തന്നെയാണ് എൻ.സി.കെയോടും യു.ഡി.എഫ് നേതൃത്വത്തിെൻറ സമീപനം. അതേസമയം, യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചെന്ന ഡി.ഐ.സിയോട് സി.പി.എം എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് നമ്മൾ കണ്ടതാണ്.
? വിവാദങ്ങൾക്കിടെ എ.കെ. ശശീന്ദ്രൻ പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയി. എങ്ങനെ മറികടക്കാനാണ് പ്ലാൻ
- കളി അറിയുന്നവർ 20 പന്തിൽനിന്ന് സെഞ്ച്വറി അടിക്കും. കളി അറിയാത്തവർക്ക് 200 പന്തിൽനിന്ന് 20 റൺസെടുക്കാനേ സാധിക്കൂ. വിവാദങ്ങൾ യു.ഡി.എഫിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ചെയ്തത്. എെൻറ പേരറിയാത്ത ഒരുകുട്ടി പോലും മണ്ഡലത്തിൽ ഇല്ലെന്ന സ്ഥിതിയുണ്ടായി. ഇതു തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.