ജീവിക്കാൻ ഗതിയില്ലാതെ ജീവനക്കാർ
text_fieldsസംസ്ഥാനത്തിനകത്തും പുറത്തുമായി 260 ജീവനക്കാരാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് ഉണ്ടായിരുന്നത്. ചുരുക്കംചിലരൊഴികെ ഭൂരിഭാഗം ജീവനക്കാർക്കും 20,000 രൂപയിൽ താഴെയായിരുന്നു ശമ്പളം. പ്രതിസന്ധി രൂക്ഷമായശേഷം പൊള്ളാച്ചിയിൽ ഉൾപ്പെടെ സ്ഥാപനം പൂട്ടിയതോടെ അന്നത്തിന് വകതേടി 160ഓളം പേർ മറ്റു ജോലി തേടിപ്പോയി. ഇപ്പോൾ നൂറിൽ താഴെ ജോലിക്കാരാണ് ഔദ്യോഗികമായി ഉള്ളത്. ഫാക്ടറികളൊന്നും പ്രവർത്തിക്കാത്തതിനാൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ ജോലിക്ക് ഹാജരാവുന്നത്. പ്രവർത്തനം ഏതാണ്ട് നിലച്ചതോടെ 106 ചിക്കൻ ഫാമുകളാണ് പൂട്ടേണ്ടിവന്നത്. ഈ ഫാം നടത്തിയവരൊക്കെയും പ്രതിസന്ധിയിൽപെട്ടു. ഇതിൽ ചില ഫാമുകൾ മറ്റു വ്യാപാരികൾക്ക് കോഴികളെ നൽകിയാണ് ഭാഗികമായെങ്കിലും പിടിച്ചുനിൽക്കുന്നത്.
വയനാട് കോഫിയും കാർഷിക നഴ്സറിയും പ്രവർത്തിക്കുന്നതുകൊണ്ട് അവിടത്തെ ജീവനക്കാർ ജോലിക്കെത്തുന്നുണ്ട്. ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടിപ്പോൾ എട്ടുമാസമായി. നല്ലൊരു തുക സൊസൈറ്റിയിൽ നിക്ഷേപിച്ചും നേരത്തേയുണ്ടായിരുന്ന ജോലികളഞ്ഞുമാണ് പലരും ഇവിടെ ജോലിക്കെത്തിയത്. രണ്ട് മുതൽ നാല് ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചാണ് പലരും ജോലിയിൽ പ്രവേശിച്ചത്. ജീവിതം ഇനിയെങ്ങനെ മുന്നോട്ടുപോവുമെന്നോ പ്രതിസന്ധി എന്നെങ്കിലും തീരുമെന്നോ അറിയാതെ പകച്ചുനിൽക്കുകയാണ് ജീവനക്കാർ.
ബി.ഡി.എസ് അതിന്റെ പ്രതാപകാലത്ത് മംഗലാപുരത്തെ ഫീഡ് ഫാക്ടറി യൂനിറ്റ് മുതൽ പൊള്ളാച്ചിയിലെ ബ്രോയിലർ ചിക്കൻ ഹാച്ചറി വരെയുള്ള പദ്ധതി സൈറ്റുകളിൽ മാത്രം ദിവസ തൊഴിലാളികൾ ഉൾപ്പെടെ 250ലധികം ജീവനക്കാരെ വിന്യസിച്ചിരുന്നു. ഫാക്ടറിപ്രവർത്തനം നിർത്തിവെക്കുകയും സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ഇവരെല്ലാം പിരിഞ്ഞുപോയി. ഭൂരിഭാഗം തൊഴിലാളികളും ഒന്നുകിൽ ബി.ഡി.എസ് വിട്ട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ, ദീർഘകാല അവധിയിൽ പ്രവേശിക്കുകയോ ചെയ്തെന്നാണ് ജീവനക്കാർ പറയുന്നത്. ചിലർ ജോലിയൊന്നും ലഭിക്കാതെ അർധപട്ടിണിയിൽ കഴിയുന്നു. അവശേഷിക്കുന്ന ജീവനക്കാരിൽ ഭൂരിഭാഗവും സി.പി.എമ്മിന്റെ വിശ്വസ്തരും പാർട്ടി അംഗങ്ങളുമാണ്.
രോഗശയ്യയിലായ സഹകരണസംഘത്തിന് പാർട്ടി പുതുജീവൻ നൽകുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് മിക്ക ജീവനക്കാരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചതിനാൽ അവരിൽ ആർക്കും ഒരുരക്ഷയുമില്ല. മുൻജീവനക്കാരനായ സി.സി. അനൂപ് എന്നയാൾ തന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായ രണ്ട് ലക്ഷം രൂപയും മുടങ്ങിക്കിടക്കുന്ന 80,000 രൂപ ശമ്പളവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്നിന് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അത്യാവശ്യ ഘട്ടംവന്നപ്പോൾ ശമ്പളം ആവശ്യപ്പെട്ടിട്ടും നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പരാതി നൽകാൻ നിർബന്ധിതനായതെന്നാണ് ഇദ്ദേഹം പറയുന്നത്. ഏതാനും ജീവനക്കാർ ചേർന്ന് കോടതിയിൽ സംയുക്ത ഹരജി സമർപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സി.പി.എം അനുഭാവികളായതിനാൽ പലരും പരസ്യ പ്രതിഷേധത്തിന് മുതിരുന്നില്ലെങ്കിലും ചലർ സോഷ്യൽ മീഡിയയിലും മറ്റുമായി തങ്ങളുടെ പ്രതിഷേധങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.