വീണ്ടും സാമൂഹിക ആഘാതപഠനം നടത്താനുള്ള നീക്കം നിഗൂഢമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
text_fieldsതിരുവനന്തപുരം: ഹൈകോടതിക്ക് പോലും ബോധ്യമായ സിൽവർ ലൈനിന് വേണ്ടി വീണ്ടും സാമൂഹിക ആഘാതപഠനം നടത്താനുള്ള സർക്കാർ നീക്കം നിഗൂഢമാണെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. വ്യക്തമായ അലൈൻമെന്റ് രൂപരേഖ പോലും തയാറാക്കാതെയും, കേന്ദ്ര സർക്കാറിന്റെ അനുമതി പത്രം ലഭ്യമാക്കാതെയും സാമൂഹിക ആഘാതപഠനം നടത്താനാണ് സർക്കാർ ശ്രമമെന്നും സമിതി കുറ്റപ്പെടുത്തി.
മാഹിയിലൂടെയും കടന്നുപോകുന്നതെന്ന് കരുതുന്ന പദ്ധതി ആയതിനാൽ ഇത്തരം പഠനങ്ങളുടെ വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര സർക്കാറിന് മാത്രമേ അധികാരമുള്ളൂ. മാത്രമല്ല, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം നാലു പ്രകാരം സാമൂഹിക ആഘാതപഠനം നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്ത പക്ഷം പുതിയ നോട്ടിഫിക്കേഷൻ വേണമെന്ന നിയമവും നിലനിൽക്കെ വീണ്ടും നിലവിലുള്ള ഏജൻസികൾക്ക് തന്നെ പഠനം തുടർന്ന് നടത്താൻ അനുമതി നൽകുന്നത് ക്രമവിരുദ്ധ നടപടിയാണ്. പദ്ധതിയോട് തുടർന്നും നിസഹകരിക്കുകയും പദ്ധതി പിൻവലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമിതി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന കേരള സർക്കാർ ഇതിനകം ഈ പദ്ധതിയുടെ പേരിൽ 100 കോടിയിലധികം രൂപ ചെലവിട്ടു. കേരളത്തിന്റെ പൊതു ഖജനാവ് ഈ കടലാസ് പദ്ധതിയുടെ പേരിൽ കൺസൾട്ടൻസി വഴി തട്ടിയെടുക്കുകനുള്ള നീക്കം ഇനിയും അനുവദിക്കരുത്. പ്രതിഷേധക്കാർക്കെതിരെയുള്ള കള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാവണം. പ്രായോഗികമായി ഭൂമിയുടെ മുഴുവൻ വിനിയോഗങ്ങളും അസാധ്യമാക്കുന്ന നോട്ടിഫിക്കേഷനുകൾ പിൻവലിക്കണം. ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത് നാട്ടിലെ ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിൽ നിന്ന് എത്രയും വേഗം പിന്മാറണമെന്നും സമിതി ചെയർമാൻ എം.പി ബാബുരാജും ജനറൽ കൺവീനർ എസ്. രാജീവനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.