കേരളത്തിൽ 300 കോവിഡ് കിടക്കകൾ ഒരുക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ
text_fieldsകോഴിക്കോട്: കോവിഡിന്‍റെ രണ്ടാം വരവ് സമൂഹത്തിലെ എല്ലാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കുമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ചികിത്സക്കായി 300 ബഡുകൾ ഒരുക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി, തൃശ്ശൂർ പെരുമ്പിലാവ് അൻസാർ, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ബെഡ്, റൂം/വാർഡ് സൗകര്യങ്ങൾ, ഓക്സിജൻ, വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ ആശുപത്രികളെ പീപ്പിൾസ് ഫൗണ്ടേഷൻ സഹായിക്കും.
അതോടൊപ്പം സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ടുമായിരിക്കും പദ്ധതി നടപ്പാക്കുക. എത്തിക്കൽ മെഡിക്കൽ ഫോറം ( EMF), ഐഡിയൽ റിലീഫ് വിങ് (IRW) എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, വളണ്ടിയർ സേവനങ്ങൾ ഒരുക്കും. പദ്ധതിക്കാവശ്യമായ ഫണ്ട് പൊതുജനങ്ങളിൽ നിന്നും ശേഖരിക്കും.
പീപ്പിൾസ് ഫൗണ്ടേഷന്‍റെ എല്ലാ പദ്ധതികളെയും ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് കേരള ജനതയും പ്രവാസികളും. സംസ്‌ഥാനം ഏറെ ഗുരുതരമായ സാഹചര്യം നേരിടുന്ന ഈ സമയത്ത് കൈ മെയ് മറന്ന് കേരള ജനതയും പ്രവാസികളും ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് പീപ്പിൾസ് ഫൗണ്ടേഷന്‍ അഭ്യർഥിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ഒരു വർഷമായി കോവിഡ് 19 പ്രതിരോധ പ്രവർത്തന രംഗത്ത് സജീവമായിയുണ്ട്. ഫൗണ്ടേഷൻ ഹെൽപ്പ് ഡെസ്ക്ക് സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. കോവിഡ് മൂലമുള്ള ജനങ്ങളുടെ ആശങ്കകൾ അകറ്റുവാനും, ആവശ്യ സേവനങ്ങൾ ലഭ്യമാക്കാനും ഹെൽപ്പ് ഡെസ്ക്കിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് മൂലമുള്ള മാനസിക പ്രയാസങ്ങൾ, കുടുംബങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങളുടെ പൂർത്തീകരണം, സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ക്ലിനിക്കൽ കൗൺസിലർമാരുടെ സേവനം, മറ്റ് രോഗങ്ങളാൽ പ്രയാസം അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ സേവനം, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം തുടങ്ങിയവ ഹെൽപ്പ് ഡെസ്‌ക്കുകളിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷാവസാനം നടപ്പാക്കിയ കോവിഡ് 19 ബാധിച്ചു മരണപ്പെട്ട നിർധനരായ പ്രവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയായ 'തണലൊരുക്കാം ആശ്വാസമേകാം' അവസാന ഘട്ടത്തിലാണ്. 63 കുടുംബങ്ങൾക്ക് 2.36 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു പുനരധിവാസ പദ്ധതികൾ.
കോവിഡ് ഒന്നാം തരംഗ ഘട്ടത്തിൽ ലോക്ഡൗൺ സമയത്ത് ഒന്നര ലക്ഷം ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ ഫൗണ്ടേഷന് സാധിച്ചിരുന്നു. കോവിഡ് 19 ബോധവൽക്കരണ പരിപാടികൾ, മാസ്ക്ക് നിർമ്മാണ യൂണിറ്റുകൾ - വിതരണം, സർക്കാർ മെഡിക്കൽ കോളേജുകൾക്ക് പി.പി.ഇ കിറ്റുകൾ, ഹെൽത്ത് സെന്‍ററുകൾ - പഞ്ചായത്ത് ബിൽഡിങ് സാനിറ്റൈസ് ചെയ്യൽ, ഇമ്മ്യൂണിറ്റി മെഡിസിൻ വിതരണം, ഓൺലൈൻ കൗൺസലിങ്, ക്യാമ്പ് അംഗങ്ങൾക്ക് വസ്ത്ര വിതരണം, ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങൾ, അതിഥി തൊഴിലാളികൾക്കായി ഹെൽപ്പ്ഡെസ്ക് സേവനങ്ങൾ എന്നീ സേവനങ്ങളും നിർവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.