പീപിൾസ് ഫൗണ്ടേഷൻ പാരാപ്ലീജിയ പുനരധിവാസ പദ്ധതിപ്രഖ്യാപനം രണ്ടിന്
text_fieldsകൊച്ചി: നട്ടെല്ലിന് സംഭവിച്ച ക്ഷതം മൂലവും മറ്റ് കാരണങ്ങളാലും ചലനശേഷി നഷ്ടപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പീപിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഉയരെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാം, പ്രിയപ്പെട്ടവരെ’ പദ്ധതിയുടെ പ്രഖ്യാപനം നവംബർ രണ്ടിന് നടക്കും.
മൂന്നുവർഷം നീളുന്ന പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന 400 കുടുംബങ്ങളുടെ പുനരധിവാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. വൈകീട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പദ്ധതിപ്രഖ്യാപനം നടത്തും. പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. സംസ്ഥാന ഭിന്നശേഷി കമീഷണർ ഡോ. പി.ടി. ബാബുരാജ് തീം വിഡിയോ പ്രകാശനം ചെയ്യും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ, റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, നടി സീമ ജി. നായർ, എഫ്.ഡി.സി.എ ചെയർമാൻ പ്രഫ. കെ. അരവിന്ദാക്ഷൻ, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജന. സെക്രട്ടറി രാജീവ് പള്ളുരുത്തി, സാഫി ചെയർമാൻ സി.എച്ച്. അബ്ദുൽറഹീം, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡൻറ് ഡോ. മുഹമ്മദ് ഇസ്മായിൽ, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, വിങ്സ് എറണാകുളം പ്രസിഡൻറ് ഡോ. ഫെസീന ഖാദർ, പീപിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.എ. മജീദ്, ജനറൽ സെക്രട്ടറി അയ്യൂബ് തിരൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം, സിറ്റി പ്രസിഡൻറ് ജമാൽ അസ്ഹരി എന്നിവർ പങ്കെടുക്കും.
സ്വയംതൊഴിൽ സംരംഭങ്ങൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ, സാമൂഹിക ബോധവത്കരണ പരിപാടികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, വിനോദ പരിപാടികൾ, സഞ്ചാരത്തിന് അനുയോജ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കൽ, ചികിത്സസഹായം, പെൻഷൻ തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പീപിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.എ. മജീദ്, ജന. സെക്രട്ടറി അയ്യൂബ് തിരൂർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ബഷീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.