ഉരുൾ ദുരന്തം: ആദ്യന്തം ആശ്രയമൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ
text_fieldsമേപ്പാടി: ദുരന്തഭൂമിയിലെ നൂറുകണക്കിനാളുകൾക്ക് ആശ്രയമായി പീപ്പിൾസ് ഫൗണ്ടേഷൻ ദുരിതാശ്വാസ സെൽ. ഉരുൾപൊട്ടൽ ഉണ്ടായ ജൂലൈ 30ന് അടിയന്തര സ്വഭാവത്തിൽ ആരംഭിച്ച ദുരിതാശ്വാസ സെൽ പ്രവർത്തനം 26 ദിവസമായി തുടരുകയാണ്.
ദിവസവും നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ദുരിതാശ്വാസ സെല്ലിൽ എത്തുന്നത്. മേപ്പാടി പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സെൽ, എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും എത്തിയവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ എമർജൻസി കിറ്റുകളാണ് ആദ്യം എത്തിച്ചുനൽകിയത്. സംസ്ഥാനതലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചും എല്ലാ ജില്ല കേന്ദ്രങ്ങളിലും വിഭവ ശേഖരണ സെന്ററുകളും ആരംഭിച്ചിരുന്നു.
മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി 30ഓളം മൊബൈൽ ഫ്രീസറുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ മുഖേന സംഘടിപ്പിച്ചുനൽകിയത്. രോഗങ്ങളാൽ പ്രയാസപ്പെടുന്നവരെ പ്രത്യേകം കണ്ടെത്തി അടിയന്തരമായി ക്യാമ്പുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ 1800 ഭക്ഷണ കിറ്റുകളാണ് നേരിട്ട് ദുരിതം ബാധിച്ചവർക്കും സമീപ മേഖലയിൽ തൊഴിൽ നഷ്ടമായ കുടുംബങ്ങൾക്കുമായി എത്തിച്ചുനൽകിയത്. 10 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് ഫൗണ്ടേഷൻ രൂപം നൽകുന്നത്. വിദഗ്ധ സമിതിയെ നിയോഗിച്ച് ഉരുൾപൊട്ടൽ സംബന്ധിച്ചും നഷ്ടങ്ങളെ സംബന്ധിച്ചും ദുരന്ത ബാധിതരിൽനിന്ന് നേരിട്ട് സർവേ നടത്തി പഠന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സി.കെ. സമീർ എന്നിവരാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.എച്ച്. ഫൈസൽ, ടി.പി. നൗഷാദ്, നിദാൽ സിറാജ്, ജമീല മേപ്പാടി, സലീം, നിഷ, റസിയ, റംസീന, നസ്‍ലി, പി.എച്ച്. ലത്തീഫ്, വസീം അലി, ഷഫീഖ് കമ്പളക്കാട്, ഫിദ, തഹ്‍ലിയ തുടങ്ങിയവരാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.