ജനങ്ങളുടെ ദാസനെന്ന ബോധം ഉള്ളവരാവണം ജനപ്രതിനിധി
text_fieldsജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റി രാഷ്ട്രീയ പാർട്ടികൾ നിരന്തരം ഉദ്ഘോഷിക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങളോട് രാഷ്ട്രീയ നേതാക്കൻമാർക്കുള്ള ആത്മാർഥതക്കുറവ് വ്യക്തമാണ്. വോട്ടിനു വേണ്ടി എന്തു കുൽസിതമാർഗങ്ങളും സ്വീകരിക്കാൻ തയാറാവുന്നു.
നെഹ്റുവിന്റെ കാലം ഒരു വിദൂര സ്മരണ പോലും അല്ലാതായിട്ടുണ്ട്. ഭരണഘടനയെ തൊട്ടുസത്യം ചെയ്തു ജനപ്രതിനിധികളും മന്ത്രിമാരും ആകുന്നവർ അതിന്റെ അന്ത:സത്തക്കു നിരക്കാത്ത വാക്കുകളും പ്രവൃത്തികളുമാണ് സദാ കാട്ടിക്കൂട്ടുന്നത്. നവമാധ്യമങ്ങളുടെതായ ഇക്കാലയളവിൽ ഇവരുടെ തനി നിറം വോട്ടർമാർക്കു കൂടുതലായി വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ഏത് വിധേനയും അധികാരം കൈയടക്കുകയെന്ന ഹീനമായ തന്ത്രങ്ങൾക്ക് മണി ആന്റ് മസിൽ പവറുകൾ ഉപയോഗപ്പെടുത്തുന്ന രീതികളാണിന്ന് ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പു മാമാങ്കം കെങ്കേമമാക്കുവാനായി കോടികളാണ് ഹീന മാർഗങ്ങളിലൂടെ സ്വരുക്കൂട്ടുന്നത്.
ജനാധിപത്യം പണാധിപത്യമായി മാറിയ ഇക്കാലത്ത് രാജഭരണമായിരുന്നില്ലേ ഭേദമെന്നു ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്തുവാൻ ആകുമോ ? . യുവജനതയിലാണ് എല്ലാവരും വിശ്വാസമർപ്പിക്കുന്നത്. എക്കാലത്തും അവർ സമൂഹത്തിനുവഴികാട്ടികളും വഴിവിളക്കുകളുമായിരുന്നു. പക്ഷേ അടുത്തകാലത്ത് നമ്മുടെ കലാലയങ്ങളിൽ നടന്ന മൃഗീയവും അതിദാരുണങ്ങളുമായ സംഭവങ്ങൾ യുവതയിലുള്ള പ്രതീക്ഷകളും നഷ്ടമാക്കിയിരിക്കുന്നു.
അഴിമതികൾക്കെതിരെ നിലവിൽ വന്ന പാർട്ടികളും അതിന്റെ നേതാക്കളും അഴിമതികളുടെ മാലിന്യത്തിൽ വീണ് നീന്തിപുളയുകയാണ്. ചിന്താപരമായ മൂല്യച്യുതികൾ സമൂഹത്തെയാകെ ദുഷിപ്പിച്ചിരിക്കുകയാണ്. വോട്ട് ആവശ്യപ്പെടുമ്പോൾ തന്നെ ജനതയോടുള്ള ഉത്തരവാദിത്വത്തെപ്പറ്റിയും ബോധവാൻമാരായി മാറണം. ജനങ്ങളുടെ യജമാനൻമാരല്ല ദാസനാണ് തങ്ങളെന്നുള്ള വിശ്വാസം ജനപ്രതിനിധിക്കുണ്ടായെങ്കിൽ മാത്രമേ ഈ സമൂഹവും നാടും നന്നാകൂ.
(ചാലകം എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.