പേരാമ്പ്ര ഇടതുകോട്ടയാണ്... പക്ഷേ
text_fieldsവീറും വാശിയുമായി പ്രചാരണം മുന്നേറുമ്പോൾ ഓടിനടന്ന് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥികൾ. കോഴിക്കോട്, വടകര ലോക്സഭ മണ്ഡല പരിധിയിലെ നിയമസഭ മണ്ഡലങ്ങളുടെ നിലവിലെ ചിത്രം ‘മാധ്യമം വോട്ടുവണ്ടി’ ഇന്നുമുതൽ...
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഇടതിന്റെ കുത്തകയാണെങ്കിലും കഴിഞ്ഞ മൂന്നു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് മേൽക്കൈ. 1970ലും 1977ലും മാത്രമാണ് യു.ഡി.എഫ് പേരാമ്പ്ര മണ്ഡലത്തിൽ വിജയിച്ചത്.
മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ് പ്രതിനിധികളാണ് പേരാമ്പ്രയുടെ എം.എൽ.എമാർ. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും ഇടതിന് മേധാവിത്വമുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രന് 1,175 വോട്ടിന്റെ ഭൂരിപക്ഷമാണ് പേരാമ്പ്ര നൽകിയതെങ്കിൽ 2019ൽ കെ. മുരളീധരന് 13,204 ഭൂരിപക്ഷം നൽകി.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പത്തിൽ പത്ത് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്. എന്നാൽ ചെറുവണ്ണൂരിൽ സി.പി.ഐ അംഗത്തിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പഞ്ചായത്ത് ഭരണം ആറുമാസം മുമ്പ് യു.ഡി.എഫ് പിടിച്ചു.
മൊത്തം വോട്ടിന്റെ കണക്കെടുത്താൽ ചങ്ങരോത്ത് പഞ്ചായത്തിൽ 1,801 വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ട്. മറ്റ് പഞ്ചായത്തുകളിലെല്ലാം കൂടി 11,920 വോട്ട് എൽ.ഡി.എഫിന് അധികമുണ്ട്. പേരാമ്പ്ര മണ്ഡലത്തിന്റെ പരിധിയിലുള്ള പേരാമ്പ്ര, മേലടി ബ്ലോക്ക് പഞ്ചായത്തുകളിലെ ഭരണവും എൽ.ഡി.എഫിനാണ്. മേപ്പയ്യൂർ, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് നല്ല മുൻതൂക്കമുണ്ട്.
ചങ്ങരോത്ത്, തുറയൂർ, ചക്കിട്ടപ്പാറ പഞ്ചായത്തുകളിൽ യു.ഡി.എഫും നേട്ടമുണ്ടാക്കും. പേരാമ്പ്ര, കീഴരിയൂർ, ചെറുവണ്ണൂർ, കൂത്താളി പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം പേരാമ്പ്രയിൽനിന്ന് ശൈലജ ടീച്ചർക്ക് ലഭിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. ആദ്യമായി നിപ വൈറസ് കണ്ടെത്തിയ മണ്ഡലമാണിത്.
നിപ ബാധിച്ച് മരിച്ച ലിനി സിസ്റ്റർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ആരോഗ്യ മന്ത്രിയെന്ന നിലക്ക് നിപ കാലത്തെ ഇടപെടൽ ശൈലജ ടീച്ചർക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ കെ. മുരളീധരന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ഷാഫി പറമ്പിലിന് ഉണ്ടാവുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
രാഷ്ട്രീയ ഭേദമന്യേ യുവാക്കളുടെ വോട്ട് ഷാഫിയുടെ പോക്കറ്റിൽ വീഴുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര മണ്ഡലത്തിൽ കിട്ടിയത് 11,165 വോട്ടാണ്.
എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണയുടെ വോട്ട് കാൽ ലക്ഷത്തിൽ കൂടുതൽ ഉണ്ടാവുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എസ്.ഡി.പി.ഐക്ക് 1,465 വോട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലമാണ് പേരാമ്പ്ര. പാനൂർ ബോംബ് സ്ഫോടനത്തിലൂടെ അക്രമ രാഷ്ട്രീയം സജീവ ചർച്ചയാക്കി
യു.ഡി.എഫ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെ യു.ഡി.എഫ് റാലിയിൽ അവഹേളിച്ചെന്ന പ്രചാരണവുമായി എൽ.ഡി.എഫ് രംഗത്തുണ്ട്.
021 നിയമസഭ തെരഞ്ഞെടുപ്പ്
ജയിച്ചത്: എൽ.ഡി.എഫ്
എം.എൽ.എ: ടി.പി. രാമകൃഷ്ണൻ
ഭൂരിപക്ഷം: 22,592
പഞ്ചായത്തുകളിലെ ഭരണം
പേരാമ്പ്ര - എൽ.ഡി.എഫ്
നൊച്ചാട് - എൽ.ഡി.എഫ്
കൂത്താളി - എൽ.ഡി.എഫ്
ചക്കിട്ടപാറ- എൽ.ഡി.എഫ്
ചങ്ങരോത്ത് - എൽ.ഡി.എഫ്
തുറയൂർ - എൽ.ഡി.എഫ്
അരിക്കുളം - എൽ.ഡി.എഫ്
മേപ്പയ്യൂർ - എൽ.ഡി.എഫ്
കീഴരിയൂർ - എൽ.ഡി.എഫ്
ചെറുവണ്ണൂർ - യു.ഡി.എഫ്
നിലവിലെ വോട്ടർമാർ:
ആകെ വോട്ടർ -2,06,446
പുരുഷന്മാർ - 99,760
സ്ത്രീകൾ - 1,06,686
ട്രാൻസ് ജൻഡർ -0
2019ലെ ലോക്സഭ വോട്ടുനില:
കെ. മുരളീധരൻ (യു.ഡി.എഫ്)-80,929
പി. ജയരാജൻ (എൽ.ഡി.എഫ്)-67,725
വി.കെ. സജീവൻ (എൻ.ഡി.എ)-8,505
യു.ഡി.എഫ് ഭൂരിപക്ഷം -13,204
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.