പേരാമ്പ്ര കൊലപാതകം; മുജീബ് മുത്തേരി ബലാത്സംഗക്കേസിലെ മുഖ്യപ്രതി
text_fieldsമുക്കം: പേരാമ്പ്ര കൊലപാതകക്കേസിലെ പ്രതി കൊണ്ടോട്ടി ചെറുപറമ്പ് കോളനിയിൽ കാവുങ്കൽ നമ്പിലത്ത് മുജീബ് റഹ്മാൻ (49) മുത്തേരി ബലാത്സംഗക്കേസിലെയും മുഖ്യപ്രതിയെന്ന് പൊലീസ്. താൻ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും നീതി ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി മുത്തേരിയിൽ പീഡനത്തിന് ഇരയായ അതിജീവിത രംഗത്തുവന്നു. ആ കേസിൽ മുജീബ് റഹ്മാൻ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ അനു ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അവർ വേദനയോടെ പറയുന്നു.
സമാന രീതിയിൽ തന്നെയായിരുന്നു അന്ന് പ്രതി വയോധികയെയും ആക്രമിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്നും വീണ്ടുമൊരു ക്രൂരകൃത്യം നടത്താൻ പ്രതിക്ക് എങ്ങനെയാണ് അവസരം കിട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്നും വയോധിക പ്രതികരിച്ചു. മുജീബ് റഹിമാൻ പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മുത്തേരിയിലെ നാട്ടുകാരും.
വയോധിക ഇരയായത് ക്രൂര ബലാത്സംഗത്തിന്
മുക്കം: ഹോട്ടൽ ജോലിക്കാരിയായ വയോധിക ഇരയായത് ക്രൂരമായ ബലാത്സംഗത്തിന്. 2020 ജൂലൈ രണ്ടിനാണ് മുത്തേരിയിൽ സംഭവം നടന്നത്. 65കാരിയെ അതിരാവിലെ ജോലിക്ക് പോകുന്നതിനിടെ മുജീബ് റഹ്മാൻ, ചോമ്പാല അഴിയൂരിൽനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും മോഷണം നടത്തുകയുമായിരുന്നു.
വഴിയിൽവെച്ചു ഓട്ടോറിക്ഷയുടെ പമ്പ് കേടായി എന്നുപറഞ്ഞ് വാഹനം നിർത്തുകയും ഓട്ടോറിക്ഷയുടെ പിറകിലൂടെവന്ന് വയോധികയെ ക്രൂരമായി ആക്രമിച്ചു ബോധം കെടുത്തിയശേഷം കാപ്പുമലയിലുള്ള പറമ്പിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു പോകരുതെന്ന ഉദ്ദേശ്യത്തോടെ വസ്ത്രങ്ങളെല്ലാം കത്രികകൊണ്ട് കീറിമുറിച്ച് കഷണങ്ങളാക്കുകയും വയോധികയുടെ കൈയും കാലും കേബിൾ വയർ കൊണ്ട് കെട്ടിയിടുകയും ചെയ്തതിനു ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
രക്ഷപ്പെടുംമുമ്പ് വയോധികയുടെ ഒരുപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുക്കുകയും കമ്മൽ പിടിച്ചുപറിക്കുകയും മൊബൈൽ ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗ് മോഷ്ടിക്കുകയും ചെയ്തു.
ബോധം പോയതിനാലാണ് മരിക്കാതെ രക്ഷപ്പെട്ടതെന്ന് വയോധിക ഓർക്കുന്നു. ആക്രമണത്തിനിരയായി ഓർമ നഷ്ടപ്പെട്ട വയോധികയുടെ മൊഴിയിൽനിന്ന് കാര്യമായ തുമ്പൊന്നും കിട്ടാതിരുന്നത് കേസന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസിന് വെല്ലുവിളിയായിരുന്നു.
110ഓളം സി.സി.ടി.വി കാമറകളും എഴുപതോളം ഓട്ടോറിക്ഷകളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പ്രതി ഉപേക്ഷിച്ച വയോധികയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്തിന് എതിർവശത്ത് റോഡിനു മുകളിലുള്ള പറമ്പിൽനിന്നും, കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ തൊണ്ടയാട് മേൽപാലത്തിന് അടിയിൽ ഉപേക്ഷിച്ച നിലയിലും അന്വേഷണ സംഘം കണ്ടെത്തി.
തുടക്കത്തിൽ ഒരു തുമ്പും ലഭിക്കാതിരുന്ന കേസിൽ കൃത്യമായ അന്വേഷണത്തിലൂടെ 15 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടുകയും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമോദന പത്രവും അന്വേഷണ സംഘത്തിന് ലഭിച്ചു.
എന്നാൽ, പിന്നീട് കേസിനെന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ ആർക്കും കൃത്യമായ ധാരണകളില്ല. സമാനരീതിയിലടക്കം നിരവധി കേസുകളിൽ പ്രതിയായ മുജീബ് റഹ്മാൻ എങ്ങനെയാണ് പുറത്തിറങ്ങിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രകടമായ കുറ്റവാസനകളുള്ള പ്രതിയെ സമൂഹത്തിലേക്ക് തുറന്നുവിട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും ഇതിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മുത്തേരിക്ക് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പ്രതി പേരാമ്പ്ര നൊച്ചാടും നടത്തിയത്. യുവതിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പ്രതി മൂന്നുതവണ പ്രദേശത്തുകൂടി മോഷ്ടിച്ച ബൈക്കിൽ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനിറ്റോളം സമയം മാത്രമാണ് എടുത്തത്. പ്രതി സമാനതരത്തിലുള്ള കൂടുതല്‍ കുറ്റകൃത്യം നടത്തിയോ എന്നതിലും പൊലീസ് അന്വേഷണം തുടങ്ങി. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുജീബ് റഹ്മാൻ മുമ്പ് വാഹന മോഷണക്കേസുകളിലെ കുപ്രസിദ്ധ കുറ്റവാളിയായ വീരപ്പന് റഹീമിന്റെ കൂട്ടാളിയായിരുന്നെന്ന വിവരവും പുറത്തുവന്നു. പിന്നീട് റഹീമുമായി പിരിഞ്ഞ മുജീബ് റഹ്മാന് സ്വന്തം നിലക്ക് മോഷണം തുടങ്ങുകയായിരുന്നു. കൊണ്ടോട്ടിയില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ മുജീബ് പൊലീസിനെ ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.