പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല
text_fieldsന്യൂഡൽഹി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജിയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈകോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, എല്ലാ വിഷയങ്ങളും ഹൈകോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയിൽ മാത്രം ബാലറ്റ് പരിശോധിച്ചാൽ മതിയെന്നായിരുന്നു നജീബിന്‍റെ വാദം. ഇക്കാര്യം അടക്കമുള്ളവ ഹൈകോടതി തീരുമാനിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ മുസ് ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്‍റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഇവ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഈ പെട്ടിയും തെരഞ്ഞെടുപ്പ് രേഖകളും പൂട്ടി മുദ്രവെച്ച് ഹൈകോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനയടക്കം കേസിൽ വാദം കേൾക്കുന്നതിന്റെ ഭാഗമായുണ്ടാകും.
നവംബർ 23ന് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾ, മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ എന്നിവർ ചെയ്ത തപാൽ വോട്ടുകൾ എണ്ണുന്നതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ വരണാധികാരിയായിരുന്ന ജില്ല കലക്ടർക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. കോവിഡ് രോഗികളുടേതടക്കം പോൾ ചെയ്ത 348 വോട്ടുകൾ വരണാധികാരി നിരസിച്ചത് നിയമവിരുദ്ധമാണെന്നും വോട്ടെണ്ണലിന്‍റെ വിഡിയോ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡുകൾ ഹാജരാക്കണമെന്നുമുള്ള ഹരജിക്കാരന്‍റെ ആവശ്യം അനുവദിച്ചാണ് ജസ്റ്റിസ് സി.എസ്. സുധയുടെ നിർദേശം.
എതിര്‍ സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ ഹരജി നിലനില്‍ക്കുമെന്ന ഹൈകോടതി ഉത്തരവിനെതിരായ നജീബ് കാന്തപുരത്തിന്‍റെ ഹരജി പരിഗണിക്കാൻ സുപ്രീംകോടതിയെ മുമ്പ് വിസമ്മതിച്ചിരുന്നു. ഇതേതുടർന്ന് ഹരജി പിൻവലിക്കുകയായിരുന്നു. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്ന് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.