പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്:കോവിഡ് വോട്ടുകളടക്കം എണ്ണുന്ന ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾ, മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ എന്നിവർ ചെയ്ത തപാൽ വോട്ടുകൾ എണ്ണുന്നതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ വരണാധികാരിയായിരുന്ന ജില്ല കലക്ടർക്ക് ഹൈകോടതി നിർദേശം.
കോവിഡ് രോഗികളുടേതടക്കം പോൾ ചെയ്ത 348 വോട്ടുകൾ വരണാധികാരി നിരസിച്ചത് നിയമവിരുദ്ധമാണെന്നും വോട്ടെണ്ണലിന്‍റെ വിഡിയോ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡുകൾ ഹാജരാക്കണമെന്നുമുള്ള ഹരജിക്കാരനായ ഇടതു സ്ഥാനാർഥി കെ.പി. മുഹമ്മദ് മുസ്തഫയുടെ ആവശ്യം അനുവദിച്ചാണ് ജസ്റ്റിസ് സി.എസ്. സുധയുടെ നിർദേശം.
മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് തൊട്ടടുത്ത എതിർസ്ഥാനാർഥി ഹരജി നൽകിയത്.
340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
38 വോട്ടുകൾക്കാണ് നജീബ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഹരജിയിൽ പരാമർശിക്കാത്ത രേഖകളൊന്നും കോടതി പരിശോധിക്കരുതെന്ന നജീബ് കാന്തപുരത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല.
തെളിവ് നിയമത്തിലെ പ്രക്രിയ പൂർത്തിയാക്കാതെ, കൃത്രിമം കാട്ടിയെന്ന് ആരോപണമുയർന്ന പെട്ടിയിലുള്ള തെരഞ്ഞെടുപ്പ് രേഖകളും സീഡികളും പെൻഡ്രൈവുകളും സാക്ഷിവിസ്താര സമയത്ത് തെളിവായി സ്വീകരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവും എം.എൽ.എ ഉന്നയിച്ചു.
നിലവിൽ അപക്വമായ ആവശ്യമാണിതെന്നും തെളിവുസമയത്ത് ഇത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.