പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജി: വിശദവാദത്തിന് 14ലേക്ക് മാറ്റി
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി വിശദ വാദത്തിനായി മാർച്ച് 14ലേക്ക് മാറ്റി. മണ്ഡലത്തിൽനിന്ന് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനയിലുള്ളത്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്‍റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്.കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയി. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തി.
ഇവ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതി നൽകിയിരുന്നു. കോടതിയിൽവെച്ച് നടത്തിയ പരിശോധനക്കിടെ രേഖകൾ ബാലറ്റ് പെട്ടിയിൽ സൂക്ഷിച്ചിരുന്നത് ശരിയായ വിധമല്ലെന്നും പെട്ടിയിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ലെന്നും അടക്കം അപാകതകൾ കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട രേഖകൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്നും സൂചിപ്പിച്ചിരുന്നു.ഈ പെട്ടി പിന്നീട് കോടതിമുറിയിൽവെച്ച് പൂട്ടി സീൽ ചെയ്ത് ഹൈകോടതിയിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാദത്തിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.