പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് വിധി; അവസാനിക്കുന്നത് 40 മാസത്തെ നിയമയുദ്ധം
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈകോടതി വിധി പറയുന്നത് മൂന്നേ കാൽ വർഷത്തെ നിയമപോരാട്ടത്തിനു ശേഷം.
ആവേശകരമായ തെരഞ്ഞെടുപ്പിന്റെ ഫലം കോടതി കയറിയതോടെ അന്തിമ തീർപ്പ് എന്താകുമെന്ന കാത്തിരിപ്പിലായിരുന്നു വോട്ടർമാർ. ഇനി നിയമയുദ്ധത്തിനില്ലെന്ന ഹരജിക്കാരൻ കെ.പി.എം. മുസ്തഫയുടെ പ്രതികരണത്തോടെ പോരാട്ടത്തിന് അറുതിയായിരിക്കുകയാണ്.
വിവാദം ‘സ്പെഷൽ’
80 വയസ്സ് പിന്നിട്ടവരും കോവിഡ് ബാധിച്ചവരും ഭിന്നശേഷിക്കാരും രേഖപ്പെടുത്തിയ സ്പെഷൽ തപാൽ വോട്ടിൽ 348 എണ്ണം അസാധുവായി കണക്കാക്കി മാറ്റിയിട്ടതാണ് പരാതിക്ക് ആധാരം. ബാലറ്റുകളിൽ ക്രമനമ്പറില്ലാത്തതും ബന്ധപ്പെട്ട പോളിങ് ഓഫിസറുടെ ഡിക്ലറേഷൻ ഒപ്പില്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഇവ അസാധുവാക്കിയത്.
റിട്ടേണിങ് ഓഫിസറായ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജുവാണ് 348 വോട്ടുകൾ സാങ്കേതിക കാരണങ്ങളാൽ അസാധുവാണെന്ന് തീർപ്പ് കൽപിച്ചത്. 2021 മേയ് രണ്ടിന് വോട്ടെണ്ണൽ വേളയിൽ തന്നെ റിട്ടേണിങ് ഓഫിസർ മുമ്പാകെ കെ.പി.എം. മുസ്തഫയുടെ പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. ഈ പരാതിയുമായാണ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്.
വോട്ടുവ്യത്യാസം 38
മണ്ഡലത്തിലെ 2,17,959 വോട്ടർമാരിൽ 1,65616 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 76,530 വോട്ടും ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫ 76,492 വോട്ടും നേടി. 38 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു നജീബിന്റെ വിജയം. നജീബിന്റെ വിജയത്തിനെതിരെ കെ.പി.എം. മുസ്തഫ നൽകിയ ഹരജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് 2022 നവംബർ 11ന് ഹരജി നിലനിൽക്കുമെന്ന് ഹൈകോടതി വിധിച്ചത്. തുടർന്ന് മണ്ഡലത്തിലെ തപാൽ വോട്ട്, എണ്ണിയത്, നിരസിച്ചത്, അസാധുവായത്, ടെൻഡർ വോട്ട്, വോട്ടുകൾ എണ്ണിയതിന്റെ വിഡിയോ ഫൂട്ടേജ് അടക്കമുള്ളവ ഹൈകോടതിയിലേക്ക് മാറ്റാൻ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു.
വിവാദം, സസ്പെൻസ്
തപാൽ വോട്ടുകളും വോട്ടെണ്ണലിന്റെ വിഡിയോ ഫൂട്ടേജും ഉൾപ്പെടെ ഹൈകോടതിയിലേക്ക് മാറ്റാനുള്ള നടപടിക്കിടെയാണ് ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ വിവാദം ഉയർന്നത്. സബ് ട്രഷറി സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്പെഷൽ തപാൽ വോട്ടുപെട്ടി കാണാനില്ലെന്ന വിവരം പല തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് വഴിവെച്ചു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്പെഷൽ തപാൽ വോട്ടുപെട്ടി ഹൈകോടതി ഉത്തരവിനെ തുടർന്ന് ഹൈകോടതിയിലേക്ക് മാറ്റാനായി സ്ട്രോങ് റൂം തുറന്നത് 2022 ജനുവരി 16നാണ്. എന്നാൽ, മാറ്റേണ്ട പെട്ടി നഷ്ടപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് പെട്ടി കണ്ടെത്തി.
സസ്പെൻഷൻ, തിരിച്ചെടുക്കൽ
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി നിശ്ചിത കാലം കഴിഞ്ഞ് നശിപ്പിക്കാനായി കൊണ്ടുപോയ ഘട്ടത്തിൽ പെട്ടിയിലെ നമ്പർ മാറി നിയമസഭ തെരഞ്ഞെടുപ്പിലെ വിവാദ വോട്ടുപെട്ടി കൊണ്ടുപോയതാണെന്ന് പിന്നീട് വ്യക്തമായി.
തെരഞ്ഞെടുപ്പ് കമീഷനെയടക്കം കേസിൽ കക്ഷി ചേർത്താണ് പിന്നീട് ഹൈകോടതിയിൽ കേസ് നടപടികൾ നീങ്ങിയത്. സംഭവത്തിന്റെ പേരിൽ പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസറെയും സ്ട്രോങ് റൂമിന്റെ ചുമതലയുള്ള കാഷ്യറെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് തിരിച്ചെടുത്തു.
പൊതുപ്രവർത്തനത്തിന് ഊർജം തരുന്ന വിധി -നജീബ് കാന്തപുരം
പെരിന്തൽമണ്ണ: ഹൈകോടതി വിധി പൊതുപ്രവർത്തകനെന്ന നിലയിൽ ഊർജം തരുന്നതും ജുഡീഷ്യറിയിൽ വലിയ വിശ്വാസം വരുന്നതുമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. വിധിയിൽ വളരെ സന്തോഷമുണ്ട്. ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രാർഥനയാണ് ഇതിനു പിന്നിൽ. പ്രവർത്തകരും നേതാക്കളും നൽകിയ പിന്തുണ വലുതാണ്. സാധാരണക്കാർക്കുവേണ്ടി കൂടുതൽ ഊർജസ്വലനാവുമെന്നും അമേരിക്കയിൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോയ നജീബ് കാന്തപുരം വിഡിയോ സന്ദേശത്തിൽ അറിയിച്ചു.കഴിഞ്ഞ മൂന്നേകാൽ വർഷം പ്രവർത്തിച്ചത് പെരിന്തൽമണ്ണയിലെ സാധാരണക്കാരായ മനുഷ്യർക്കുവേണ്ടിയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ നൽകിയത് വലിയ പിന്തുണയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.